അഞ്ച് യുവതികളാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കാസർകോട്: മുപ്പതിലധികം യുവതികളുടയും ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട്ട് സ്റ്റുഡിയോ ആൽബം ഡിസൈനർ അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതൽ പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക്‌ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു

32 പേരുടെ ചിത്രങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ പൊലീസിന്‍റെ കണ്ടെത്തൽ. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയിൽ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

ടെലഗ്രാമിൽ നഗ്ന ചിത്രം കണ്ടതോടെയാണ് യുവതികൾ പരാതി നൽകിയത്. നിലവിൽ 6 പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പൊലീസ് തന്നെ പറയുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ അക്കൗണ്ടിന്റെ സാങ്കേതിക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും തേടി ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പൊലീസ് റഞ്ഞു.

ആഴ്ചകൾക്ക് മുമ്പ് ഒരു പെൺകുട്ടിയാണ് ആദ്യം സൈബർ സെല്ലിൽ പരാതി നൽകിയത്. അന്ന് പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറാകാതിരുന്നതിനാൽ അന്നേദിവസം വിട്ടയച്ചിരുന്നു. പിന്നീട് മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് അന്വേഷണം ശക്തമാക്കി യുവാവിനെ പിടികൂടുകയായിരുന്നു.