ആലപ്പുഴ: നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയായ യുവാവ്  പിടിയില്‍. പത്തനംതിട്ട  തിരുവല്ലയില്‍ കടപ്ര ജംഗ്ഷന് സമീപം  മഠത്തില്‍ വീട്ടില്‍ സാജന്‍ (30) ആണ് അറസ്റ്റിലായത്. ആലപ്പുഴ  ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്കിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സാജന്‍  പൊലീസിന്‍റെ പിടിയിലാകുന്നത്. 

സാജനെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ തന്നെ മൂന്ന് കേസുകള്‍ നിലവിലുണ്ട്.  മുന്‍പ് നിരവധി തവണ ബൈക്ക് മോഷണത്തിന് സാജന്‍ അറസ്റ്റിലായിട്ടുണ്ട്.  ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഫെബ്രുവരി മാസം മോഷണം പോയ ബൈക്ക്  സാജനാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റ് പരിസരത്തുനിന്നും സാജന്‍ മോഷ്ടിച്ച ബൈക്കും സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. 

കായംകുളം, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ വാറണ്ട് നിലവിലുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട്, എറണാകുളം ജില്ലകളി ല്‍ബൈക്ക് മോഷണത്തിന് കേസുകള്‍ നിലവിലുണ്ട്. കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് സൗത്ത് പൊലീസ് പറഞ്ഞു.