കഴിഞ്ഞ ദിവസം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈറ്റുകളൊന്നും കത്താത്തതിനെ തുടർന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കോഴിക്കോട്: പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലെ സോളാര്‍ പാനല്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കോട് പറയരുകണ്ടി വീട്ടില്‍ പി.കെ അനീഷി(39) നെ ആണ് കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

കഴിഞ്ഞ ദിവസം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈറ്റുകളൊന്നും കത്താത്തതിനെ തുടർന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് സോളാര്‍ പാനലുകള്‍ ആരോ മോഷ്ടിച്ചെന്ന് മനസിലായത്. തുടര്‍ന്ന് കുന്നമംഗലം പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്. ഒടുവില്‍ വിശദമായ അഅന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായില്ല.

ഒടുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ പന്തീരാങ്കാവ് ഭാഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുന്‍പും അനീഷ് മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ട്. ടൗണ്‍, കസബ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. എസ്.ഐ അബ്ദുല്‍ കലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് വിശോഭ്, പ്രമോദ്, സി.പി.ഒ വിഭിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More : ദുബായിൽ വെച്ച് താമസസ്ഥലത്ത് കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിക്കെതിരെ കൊച്ചിക്കാരിയായ യുവ സംരംഭക