കൊച്ചി: മദ്യം അനധികൃതമായി സൂക്ഷിച്ച് വില്പന നടത്തുകയായിരുന്ന ഒരാളെ കൊച്ചി സിറ്റി ഡാൻസാഫും, പള്ളുരുത്തി പൊലീസും ചേർന്ന് പിടികൂടി. ഇടകൊച്ചി, പാമ്പായിമൂല പനക്കത്തറ വീട്ടിൽ ലെസ് ലി (27) ആണ് പിടിയിലായത്. പിടിയിലാവുമ്പോൾ ഇയാളിൽ നിന്ന് അര ലിറ്ററിന്‍റെ 130 ബോട്ടിലുകളിലായി 65 ലിറ്റർ മദ്യം കണ്ടെടുത്തു.

ബിവറേജസുകളിൽ നിന്ന് പലപ്പോഴായി വാങ്ങുന്ന മദ്യം വീടിന്‍റെ പരിസരത്ത് രഹസ്യമായി ശേഖരിച്ചു വച്ച് ആവശ്യക്കാർക്ക് സ്ക്കൂട്ടറിലെത്തിച്ചു കൊടുക്കുകയാണ് പതിവ്. മദ്യത്തിനായി വീട്ടിലും സ്ഥിരമായി എത്തുന്നവരുമുണ്ട്. ഇയാളുടെ പിതാവ് മദ്യവില്പനക്കേസിൽ ജയിലിലാണ്.

ഇടക്കൊച്ചിയുടെ പല ഭാഗങ്ങളിലായി അനധികൃതമായി മദ്യം ശേഖരിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ച് ഡാൻസാഫ് രഹസ്യ അന്വേഷണം നടത്തുമ്പോഴാണ് ഇയാളെ പിടികൂടാനായത്. കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ് ഐ ജോസഫ് സാജൻ, പള്ളുരുത്തി എസ് ഐ ദീപു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കൊച്ചി നഗരത്തിൽ അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചാൽ 9497980430 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അറിയിക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.