Asianet News MalayalamAsianet News Malayalam

രണ്ട് കിലോ കഞ്ചാവിന് അമ്പതിനായിരം രൂപ; സാധനവുമായി യുവാക്കളെത്തിയത് എക്‌സൈസിന്റെ വലയിലേക്ക്

കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാല്‍ കോഴിക്കോട് മലപ്പുറം ജില്ലകള്‍ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. 
 

Youth arrested with cannabis in kalpetta
Author
Kalpetta, First Published Jul 6, 2020, 4:18 PM IST

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി കാറില്‍ കഞ്ചാവ് കടത്തിയ യുവാക്കളെ വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി ( 23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. 

സുല്‍ത്താന്‍ബത്തേരി  മന്ദംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ്, അടിവാരം സ്വദേശി പ്യാരി എന്നിവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാല്‍ കോഴിക്കോട് മലപ്പുറം ജില്ലകള്‍ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം ആവശ്യക്കാര്‍ എന്ന നിലയില്‍ ബന്ധപ്പെടുകയും രണ്ട് കിലോയുടെ ഒരു പാര്‍സല്‍ കഞ്ചാവിന് അമ്പതിനായിരം രൂപ തോതില്‍ വില  ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി, അടിവാരം, കല്‍പറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായി എക്സൈസ് സംഘം കുടുക്കുകയായിരുന്നു. വയനാട് എക്സൈസ്  സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Us:
Download App:
  • android
  • ios