തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് ഗുണ്ടാസംഘം മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാട്ടുകാർ നോക്കി നിൽക്കേയാണ് കഴിഞ്ഞ ദിവസം എട്ടംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.

മൊബൈൽ ഫോൺ പൊട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. ഫൈസലിന്റെ വീട്ടിലെത്തിയ അക്രമി സംഘം ഇയാളെ വലിച്ചിഴച്ചു ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോകുകയും തുടർന്ന് തിയറ്റർ ജങ്ഷനിൽ എത്തിച്ച് കൊടിമരത്തിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

രാവിലെ പതിനൊന്ന് മണിക്കാണ് ഫൈസലിനെ ഗുണ്ടാസംഘം ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവം അറിഞ്ഞു വിഴിഞ്ഞം പോലീസ് എത്തിയാണ് യുവാവിനെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. ഇതിന് സമീപമുള്ള ഒരു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിഴിഞ്ഞം പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ഷാഫി(26), കണ്ണൻ(23), ഇസ്മയിൽ(21), ഹാഷിം(29), ആഷിക്(29), അജ്മൽ(24), സജിൽ(22), ഫിറോസ്(22) എന്നിവരെ പോലീസ് പിടികൂടി. 

ഒന്നാം പ്രതിയായ ഷാഫിയെ ഒരാഴ്ച മുമ്പ് മറ്റൊരു സംഘം മർദ്ദിച്ചിരുന്നു. ഫൈസലിന്‍റെ സുഹൃത്തുക്കളാണ് ഈ കേസിലെ പ്രതികള്‍. ഇതിന്റെ പകവീട്ടലായിരുന്നു ഫൈസലിന് എതിരായ ആക്രമണം എന്നാണ് വിവരം. ഡി.വൈ.എഫ്.ഐയുടെ കൊടിമരം ദുരയുപയോഗം ചെയ്തതിന് ഇവർക്കെതിരെ ഡി.വൈ.എഫ്.ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്.

"