Asianet News MalayalamAsianet News Malayalam

ബൈക്കിന്റെ മത്സര ഓട്ടവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച സ്കൂൾ വിദ്യാർത്ഥികളിൽ ഒരാൾ പിടിയിൽ

വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അനുവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. പരീക്ഷ നടക്കുന്നതിലാണ് വിദ്യാർത്ഥികളുടെ അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു

youth beaten case accused plus two student arrested at Varkala
Author
Thiruvananthapuram, First Published Apr 27, 2022, 8:24 PM IST

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനും ബൈക്കിലെ മത്സര ഓട്ടത്തിനുമെതിരെ പരാതി നൽകിയതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥികളിൽ ഒരാള്‍ അറസ്റ്റിൽ.  വർക്കല സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ജോബിനാണ് പിടിയിലായത്. ജോബിന്റെ സുഹൃത്തുക്കളായ ആരോമൽ, ജ്യോതിഷ്, കണ്ണൻ എന്നിവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. വർക്കല ചെമ്മരുതി സ്വദേശി അനുവിനെയാണ് വിദ്യാർത്ഥികള്‍ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അനുവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. പരീക്ഷ നടക്കുന്നതിലാണ് വിദ്യാർത്ഥികളുടെ അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ജോബിനെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് വിദ്യാർത്ഥികള്‍ അനുവിനെ മർദ്ദിച്ചത്. അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂള്‍ മാനേജുമെൻറിനും പൊലീസിനും പരാതി നൽകിയതിലെ വൈരാഗ്യമായിരുന്നു ആക്രണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

നാട്ടിലെ ഏതുപൊതുകാര്യത്തിനും മുന്നിട്ടിറങ്ങുന്നയാളാണ് അനു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 30 പേർ ഒപ്പിട്ട പരാതിയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂള്‍ പ്രിൻസിപ്പിലിന് നൽകിയത്. സ്കൂള്‍ സമയത്ത് പോലും മറ്റുള്ളവർക്കൊപ്പം പൊതുവഴിയിലൂടെ വിദ്യാർത്ഥികൾ ബൈക്കിൽ മത്സരപാച്ചിൽ നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

സ്കൂളിൽ പരാതി നൽകിയ ശേഷം വീടിന് സമീപത്തുള്ള ഒരു വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സംഘം അനുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിന് അയിരൂർ പൊലീസിൽ പരാതി നൽകി, പക്ഷെ നടപടിയുണ്ടായില്ല. നാട്ടുകാർ പരാതി കടുപ്പിച്ചതോടെ പൊലീസും മോട്ടോർ വാഹനവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. മത്സരയോട്ടം നടത്തിയ വാഹനങ്ങള്‍ പിടികൂടി. ഇതോടെ വിദ്യാർത്ഥികൾക്ക് അനുവിനോടുള്ള വിരോധം കൂടി. തുടർന്നായിരുന്നു ആക്രമണം.

Follow Us:
Download App:
  • android
  • ios