'എത്ര കിട്ടിയാലും പഠിക്കില്ല', ഇന്നോവ കാറിൽ മൂന്നാർ മറയൂരിലൂടെ സാഹസിക യാത്രയുമായി യുവാക്കൾ
പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവയിൽ എത്തിയ സംഘമാണ് ഏറെനേരം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ മറ്റു യാത്രക്കാരാണ് ക്യാമറയിൽ പകർത്തിയത്.
മറയൂർ: മൂന്നാറിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര. മൂന്നാർ - മറയൂർ റോഡിലാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കൾ സാഹസികമായി യാത്ര നടത്തിയത്.
ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഈ പാത വഴിയുള്ള യാത്രയ്ക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവയിൽ എത്തിയ സംഘമാണ് ഏറെനേരം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ മറ്റു യാത്രക്കാരാണ് ക്യാമറയിൽ പകർത്തിയത്.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്തുന്ന മുറയ്ക്ക് തുടർനടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.നേരത്തെ ഗ്യാപ്പ് റോഡിൽ ഉൾപ്പെടെ സാഹസിക ഡ്രൈവിംഗിന് എതിരെ നടപടി ശക്തമാക്കിയപ്പോൾ അഭ്യാസപ്രകടനം കുറഞ്ഞിരുന്നു.
മറ്റൊരു സംഭവത്തിൽ എറണാകുളം അങ്കമാലിയിൽ വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് അപകടമുണ്ടാക്കിയ കാറിലെ രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. തൊടുപുഴ സ്വദേശികളായ അരുണ്‍, അജ്മൽ എന്നിവരാണ് കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന റിൻഷാദ് അങ്കമാലി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവർ വാഹനത്തിൽ ലഹരി കടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി എംസി റോഡിലൂടെ അതിവേഗത്തിൽ കുതിച്ച വാഹനം മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചിരുന്നു. വാഹനം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം