Asianet News MalayalamAsianet News Malayalam

കുറ്റിപ്പുറത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്;'ജയിച്ചത് ഞാൻ തന്നെ, അജ്ഞാതനല്ല',അവകാശവാദവുമായി മുഹമ്മദ് റാഷിദ്

ജയിച്ചയാൾ അഞ്ജാതനായി തുടരുന്നതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് തന്നെ സ്ഥാനം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് കെ.കെ. മുഹമ്മദ് റാഷിദ് രംഗത്തെത്തിയത്.

Youth Congress election in Kuttipuram; 'I won, and not an unknown person', Mohammad Rashid claims entitlement
Author
First Published Nov 17, 2023, 11:58 PM IST

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് കുറ്റിപ്പുറം മണ്ഡലം മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് താന്‍ തന്നെയാണെന്നും അ‍ജ്ഞാതനായി തുടരുകയായിരുന്നില്ലെന്നും അവകാശവാദവുമായി കെ.കെ. മുഹമ്മദ് റാഷിദ്. ഓൺ ലൈൻ അപേക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായതെന്നും ജയിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞത് വൈകിയാണെന്നും കെ.കെ. മുഹമ്മദ് റാഷിദ് പറഞ്ഞു. അപ്രതീക്ഷിത ജയത്തിൽ അമ്പരന്ന് രാജി വെക്കാമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനം മാറ്റി സ്ഥാനം ഏറ്റെടുക്കുന്നെന്നും കെ.കെ മുഹമ്മദ് റാഷിദ് പറഞ്ഞു. ജയിച്ചയാൾ അഞ്ജാതനായി തുടരുന്നതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ജയിച്ചയാള്‍ തന്നെ സ്ഥാനം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ജയിച്ചത് താനാണെന്ന് വ്യക്തമാക്കി കെ.കെ. മുഹമ്മദ് റാഷിദ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ രണ്ടു ദിവസത്തിലധികമായി കണ്ടെത്താന്‍ കഴിയാത്ത സംഭവം വാര്‍ത്തയായിരുന്നു. പ്രസിഡന്‍റായി തെരഞ്ഞെടുത്തയാളെ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. 274വോട്ട് നേടി മണ്ഡലം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഷിദ്‌ ആണ് അജ്ഞാതനായി തുടര്‍ന്നത്. ഇതിനിടെയാണിപ്പോള്‍ വിശദീകരണവുമായി റാഷിദ് രംഗത്തെത്തിയത്. 

റാഷിദിന്‍റെ വിജയത്തിന് പിന്നാലെ എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. താനും യൂത്ത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് രം​ഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ ഞങ്ങൾക്ക് വേണം. രണ്ടു ദിവസമായി ഞങ്ങൾ പ്രസിഡന്റിനെ തിരയുകയാണ്. കഴിഞ്ഞ 9 വർഷത്തോളമായി യൂത്ത് കോൺ​ഗ്രസിന്റെ സംഘടനാരം​ഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല. എ ​ഗ്രൂപ്പ് പ്രതിനിധിയായാണ് ഞാൻ മത്സരിച്ചത്. ഔദ്യോ​ഗിക പക്ഷത്തിന്റെ പ്രതിനിധിയായാണ് റാഷിദ് മത്സരിച്ചത്. റാഷിദ് ഫേക്കാണെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയൊരാളെ മത്സരിപ്പിച്ചതിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും പിപി മുസ്തഫ പറഞ്ഞിരുന്നു.

മുഹമ്മദ് റാഷിദ് എവിടെ? കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രസിഡൻ്റായി ജയിച്ചയാളെ തപ്പി നെട്ടോട്ടമോടി പ്രവർത്തകർ

 

Follow Us:
Download App:
  • android
  • ios