പൊലീസിനു കോൺഫിഡൻഷ്യലായി ഇൻഫർമേഷൻ നൽന്നത് അർഷാദാണ് എന്ന് എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞത്? അതീവ ഗുരുതരമായ ഈ ലഹരിമാഫിയയുടെ ചെയ്തികളിൽ നിസംഗരായി നോക്കി നില്ക്കുകയാണ് സർക്കാർ.

തിരുവനന്തപുരം: കരിമഠം കോളനിയിൽ ലഹരിമാഫിയക്കെതിരെ പൊരുതിയ അ‍ര്‍ഷാദിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പൊലീസിനു രഹസ്യമായി വിവരം നൽന്നത് അർഷാദാണ് എന്ന് എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞതെന്ന് രാഹുൽ ചോദിക്കുന്നു. ചാലയിലെ അ‍ര്‍ഷാദിന്റെ വീട് സന്ദ‍ര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.അതീവ ഗുരുതരമായ ഈ ലഹരിമാഫിയയുടെ ചെയ്തികളിൽ നിസംഗരായി നോക്കി നില്ക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറിച്ചു.

രാഹുലിന്റെ കുറിപ്പിങ്ങനെ...

ചേതനയറ്റ അർഷാദിനെ അവസാനമായി ഒരു നോക്ക് കാണാൻ ചാലയിലെ അവന്റെ വീട്ടിൽ പോയിരുന്നു. തേങ്ങലടക്കാൻ കഴിയാത്ത ഒരു നാടിനെയാണ് കണ്ടത്. തന്റെ നാട്ടിൽ ലഹരിമാഫിയ പിടിമുറുക്കിയപ്പോൾ ഏതാനും മാസം മുൻപാണ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ അർഷാദിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചത്. ആ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളിക്കളമൊരുക്കലും പരിപാടികളുമായി ലഹരിക്കെതിരെ സജീവ പോരാട്ടം നടത്തിവന്നു.

ലഹരിക്കച്ചവടക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പൊലീസിനു നൽകുന്ന അർഷാദ് ലഹരിമാഫിയയുടെ നോട്ടപ്പുള്ളിയായിരുന്നു. ഇന്നലെ അവർ പരസ്യമായി ആ ചെറുപ്പക്കാരനെ വെട്ടിക്കൊന്നു. ഒന്നോർത്തു നോക്കു എത്ര ആഴത്തിലും ഭീകരവുമാണ് ലഹരിമാഫിയയുടെ സ്വാധീനം കേരളത്തിൽ.

പൊലീസിനു കോൺഫിഡൻഷ്യലായി ഇൻഫർമേഷൻ നൽന്നത് അർഷാദാണ് എന്ന് എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞത്? അതീവ ഗുരുതരമായ ഈ ലഹരിമാഫിയയുടെ ചെയ്തികളിൽ നിസംഗരായി നോക്കി നില്ക്കുകയാണ് സർക്കാർ. ലഹരി മാഫിയയക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീര പോരാളി അർഷാദിന് ആദരാഞ്ജലികൾ.

അതേസമയം, കേസിലെ എഫ് ഐ ആര്‍ പുറത്തുവന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ് ഐ ആറിലുള്ളത്. 19 വയസുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. അര്‍ഷാദിനെ ആക്രമിച്ചത് ധനുഷടങ്ങുന്ന എട്ട് അംഗ സംഘമാണെന്നും എഫ് ഐ ആറിലുണ്ട്. എട്ടു പേരും കരിമടം കോളനിയിലുള്ളവരാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും എഫ് ഐ ആറിലുണ്ട്. കേസില്‍ ധനുഷിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ധനുഷിന്‍റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റു അഞ്ചുപേരും ഒളിവിലാണെന്നാണ് സൂചന. 

അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി സംഘത്തിനെതിരെ നിലകൊള്ളുകയും ലഹരി വില്‍പ്പന തടയുകയും ചെയ്തിരുന്നു. അര്‍ഷാദ് ലഹരിക്കെതിരെ യുവജന കൂട്ടായ്മ രൂപീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അര്‍ഷാദിന്‍റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അര്‍ഷാദിന്‍റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു. 

ഇന്നലെ വൈകീട്ട് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് അര്‍ഷാദിനെ വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേരത്തെയും ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ദീപാവലിക്കും ഇരു സംഘവും തമ്മില്‍ അടിപിടിയുണ്ടായി. അര്‍ഷാദിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് കൂട്ടുകാര്‍. മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന അര്‍ഷാദ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം