തിരുവനന്തപുരം: യാത്രക്കിടെ കല്ലട ബസിലെ ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നറിഞ്ഞതോടെ ജനരോഷം ശക്തമാകുകയാണ്.  അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ബസ് തടയല്‍ സമരവുമായി രംഗത്തെത്തിയത്. കല്ലടയല്ല, കൊല്ലടയാണേയെന്ന മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി പേര് മാറ്റി. കല്ലടയ്ക്ക് പകരം ബസിന്‍റെ പേര് കൊല്ലടയെന്നാക്കിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മടങ്ങിയത്. ബസിന്‍റെ ഗ്ലാസില്‍ അപായസുചന സ്ഥാപിക്കുകയും ചെയ്തു.

 

അതേസമയം കല്ലട ബസ്സിന്‍റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ രാവിലെ വ്യക്തമാക്കി. കല്ലട ബസ്സുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസ്സുകാര്‍ ക്ഷമാപണം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയംയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോൺസൻ ജോസഫിന്‍റെ ജാമ്യഹർജി കോടതി ഇന്നലെ തള്ളിയിരുന്നു. ബസ്സിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫ് ആണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബസിലെ മറ്റ് ജീവനക്കാർ, കഴിയാവുന്നത്ര സഹയാത്രികർ എന്നിവരിൽ നിന്ന് മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതിന് ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. പ്രതി ജോൺസൻ ജോസഫിനെ ഇപ്പോള്‍ റിമാന്‍ഡിലാണ്.