ഇടുക്കി: ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. രാവിലെ ദേവികുളം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ രാജേന്ദ്രന്‍റെ കോലം കത്തിച്ചു. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പീറ്ററുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്.

കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണിലെത്തിയാണ് എം എല്‍ എയുടെ കോലം കത്തിച്ചത്. തലയ്ക്ക് വെളിവില്ലാതെയാണ് രാജേന്ദ്രന്‍ നടക്കുന്നത്. എന്തെല്ലാമാണ് അദ്ദേഹം പറയുന്നതെന്ന് അദ്ദേഹത്തിനറിയില്ല. പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ കയറുരി വിട്ടിരിക്കുകയാണ്. എന്തും പറയാമെന്ന് കരുതി നെഹ്‌റുവിന്റെ കുടുംബത്തെ അതിക്ഷേപിച്ച് പ്രസ്താവന നടത്തിയ രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി ആവശ്യപ്പെട്ടു.

മാപ്പ് പറഞ്ഞില്ലെങ്കില്‍ റോഡില്‍ നടക്കാര്‍ സമ്മതിക്കില്ലെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കുമാറും പറഞ്ഞു. സി നെല്‍സന്‍, മുകേഷ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.