മൂന്ന് യൂത്ത് കോൺഗ്രസ്കാരെ വളഞ്ഞുവച്ച് കൊടി തിരികെ കെട്ടിക്കുകയായിരുന്നു. കൊടി കെട്ടിക്കുന്ന ദൃശ്യങ്ങൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
തിരുവനന്തപുരം: പേരൂർക്കടയിൽ എസ്എഫ്ഐയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ കൊടി തിരികെ കെട്ടിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്എഫ്ഐയുടെ പതാക യൂത്ത് കോൺഗ്രസ് അഴിച്ചുമാറ്റിയത്. തുടർന്ന് മൂന്ന് യൂത്ത് കോൺഗ്രസ്കാരെ വളഞ്ഞുവച്ച് കൊടി തിരികെ കെട്ടിക്കുകയായിരുന്നു. കൊടി കെട്ടിക്കുന്ന ദൃശ്യങ്ങൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘടനകള്‍ തര്‍ക്കമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്ന് സിപിഎം ആരോപിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി.
