Asianet News MalayalamAsianet News Malayalam

കൊറോണ മുതല്‍ വിറയ്ക്കുന്ന കൈകാലുകളുമായി ബിവറേജസിനു മുമ്പിലെത്തുന്നവര്‍ വരെ, 'വീണ്ടു വിചാരങ്ങളു'മായി യുവാവ്

ആയുധപ്പുരയുടെ മൗനം, മാലാഖമാരുടെ ചങ്കുറപ്പ്, കണക്കുകൂട്ടലുകള്‍, തെരുവുവിളക്കുകള്‍, പക്ഷികളുടെ പുനര്‍പ്രവേശനം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കവിതകള്‍. 

youth converts covid19 and lock down experience into poems
Author
Idukki, First Published Apr 24, 2020, 10:07 PM IST

ഇടുക്കി: കൊവിഡ് കാലത്തെ കാഴ്ചകളും സംഭവങ്ങളും കവിതാസമാഹാരങ്ങളാക്കി യുവാവ്. വീണ്ടുവിചാരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കവിതകള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയും സ്വീകാര്യത ലഭിച്ചതോടെയാണ് തീരുമാനം. ചെറുപ്പം മുതല്‍ സാഹിത്യത്തോട് അഭിരുചിയുള്ള മൂന്നാര്‍ സ്വദേശിയായ നിഗേഷ് ഐസക്ക് ആണ് കോവിഡ് കാലത്തെ സംഭവങ്ങളും കാഴ്ചകളും കോര്‍ത്തിണക്കി ഈണങ്ങളുടെ അക്ഷരങ്ങളൊരുക്കുന്നത്. ചുരുങ്ങിയ വാക്കുകളില്‍ അര്‍ത്ഥപ്രാപ്തിയുള്ള ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ പകര്‍ത്തുവാനാണ് ഉദ്ദേശിക്കുന്നത്. 

കൊവിഡ് കാലത്തെ കാഴചകള്‍ വിവിധ വിഷയങ്ങളിലായാണ് കവിതകളാക്കിയിരിക്കുന്നത്. ലോകചരിത്രഗതിയില്‍ കൊവിഡ് ഏല്‍പ്പിച്ച കാലത്തിന്റെ രൂപാന്തരീകരണം വരുംതലമുറയ്ക്ക് ചില ഓര്‍മ്മപ്പെടുത്തലുകള്‍ സമ്മാനിക്കുവാനും ഈ തലമുറയ്ക്ക് ആശയപരമായും വീക്ഷണപരമായും ഉണ്ടാകേണ്ട വീണ്ടുവിചാരങ്ങളുടെയും പേരിലാണ് കവിതകള്‍. കവിതാ സമാഹാരത്തിന്റെയും പേര് വീണ്ടു വിചാരം എന്നു തന്നെയാണ്. ആയുധപ്പുരയുടെ മൗനം, മാലാഖമാരുടെ ചങ്കുറപ്പ്, കണക്കുകൂട്ടലുകള്‍, തെരുവുവിളക്കുകള്‍, പക്ഷികളുടെ പുനര്‍പ്രവേശനം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കവിതകള്‍. 

ശതകോടികള്‍ മുടക്കി ആയുധപ്പുരകള്‍ നിറച്ചു വച്ചു ശത്രുവിനെ കാത്തിരുന്ന മനുഷ്യന്‍ കണ്ണില്‍പ്പെടാത്ത ശത്രുവിന്റെ മുമ്പില്‍ നിരായുധനായിപ്പോയതുപോലയുള്ള ചിന്തിക്കേണ്ട ഗൗരവമായ വിഷയങ്ങള്‍ തുടങ്ങി വിറയ്ക്കുന്ന കൈകാലുകളുമായി ബിവറേജസിനു മുമ്പിലെത്തുന്നവരുടെ കാഴ്ചകള്‍ രസകരമായി അവതരിപ്പിക്കുന്ന വ്യത്യസ്തയാര്‍ന്ന വിവിധ വിഷയങ്ങളാണ് കവിതകളുടെ പ്രമേയം. ഭാവിയിലേയ്ക്ക് മനുഷ്യകുലത്തിനുണ്ടാകേണ്ട ദീര്‍ഘവീഷണവും കവിതകളില്‍ നിറയുന്നു. കൊവിഡ് കാലത്ത് നിസ്വാര്‍ത്ഥമായും അര്‍പ്പണബോധത്താടെയും സ്വന്തം ജീവനെപ്പോലും കാര്യമാക്കാതെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടമകളായവരെ ആദരിക്കുവാനും കവിതകള്‍ മറക്കുന്നില്ല. 

അമ്പതിലധികം കവിതകളാണ് പലവിഷയങ്ങളുമായി ബന്ധപ്പെട്ട് രചിച്ചിട്ടുള്ളത്. ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ഇദ്ദേഹം സ്വന്തമായി ഡിസൈനുകള്‍ ഒരുക്കിയാണ് കവിതകള്‍ തയ്യാറാക്കുന്നത്. സാഹിത്യത്തില്‍ അഭിരുചിയുള്ള ഇദ്ദേഹം ഒരു മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. പുറപ്പാട്, നാലാം കാല്‍ എന്ന പേരുകളില്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios