മാവേലിക്കര: കൊവിഡ് സ്ഥിരീകരിച്ചു വീട്ടിൽ ക്വാറന്റീനിൽ ആയിരുന്ന യുവാവ് മരിച്ചു. സിവിൽ സ്റ്റേഷന് സമീപം ദീപ്തിയിൽ വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് പരേതനായ രാധാകൃഷ്ണൻ നായരുടെ മകൻ ദിനിൽ (38) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് സ്വകാര്യ ലാബിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ദിനിൽ മറ്റു അസ്വസ്ഥതകൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ തന്നെ ക്വാറന്റീനിലായിരുന്നു. 

ഇന്ന് വെളുപ്പിനെ ദിനിലിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതറിഞ്ഞ സുഹൃത്തുക്കൾ ആംബുലൻസിനു ശ്രമിച്ചെങ്കിലും ആംബുലൻസ് എത്തിയപ്പോഴേക്കും ഏറെ വൈകിയെന്നും കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നെന്നും ദിനിലിന്റെ ബന്ധുക്കൾ പറയുന്നു. അതിനിടെ ദിനിലിന്റെ രോഗിയായ അമ്മയേയും കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.