കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാറ് യാത്രക്കാരനായ യുവാവ്  മരിച്ചു. കാസര്‍കോട് കുണ്ടാർ ഉയിത്തടുക്ക സ്വദേശി സാജിദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാജിദും കൂട്ടുകാരൻ സംബ്രൂദും കാറിൽ സുള്ള്യ ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്നു. മുള്ളേരിയ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണുമാന്തിയന്ത്രത്തിന്‍റെ സഹായത്തോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.