തിരുവനന്തപുരം: കാട്ടാക്കട നെയ്യാര്‍ മീന്‍മുട്ടിയില്‍ ട്രക്കിങ്ങിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. പിരപ്പിന്‍കോട് കൈതറ ശിവസരസില്‍ മുരളീധരന്‍ നായര്‍, ഷീന ദമ്പദികളുടെ മകന്‍ അനന്ദു(26) ആണ് ഇന്നലെ അഫകടത്തില്‍പ്പെട്ടത്. ബന്ധുക്കളോടൊപ്പം നെയ്യാര്‍ മീന്‍മുട്ടിയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ നെയ്യാര്‍ ഡാമില്‍ നിന്നും ബന്ധുക്കളടങ്ങിയ ഒന്‍പത് അംഗ സംഘത്തോടൊപ്പമാണ് അനന്ദു ട്രക്കിങ്ങിനെത്തിയത്. കൊമ്പൈയില്‍ നിന്നും ഉച്ചയോടെ കാല്‍ നടയായി സംഘം മീന്‍മുട്ടിയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ചിലര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി. 

നീന്തല്‍ അറിയാത്തതിനാല്‍ അനന്ദുവിനെ കരയ്ക്കിരുത്തിയാണ് അനന്ദുവിന്‍റെ സഹോദരന്‍ അനുചന്ദ് ഉള്‍പ്പടെയുള്ള സംഘം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് പിന്നാലെ അനന്ദുവും വെള്ളത്തിലിറങ്ങി നീന്താന്‍ ശ്രമിച്ചു. ഇതിനിടെ നില കിട്ടാതെ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫിസിയോ തെറാപ്പിസ്റ്റ് ആണ് അനന്ദു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.