മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന
ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തിരൂർ: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്.
ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്ക് ഏറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Read More : ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു, കർശന വിലക്കേർപ്പെടുത്തി സർക്കുലർ
അതിനിടെ വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. സുൽത്താൻ ബത്തേരി ആറാം മൈലിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഷാജുവും ജീവനൊടുക്കി. വീട്ടിന്റെ കിടപ്പു മുറിയിൽ മരിച്ച നിലയിലാണ് ഷാജുവിനെ കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.