Asianet News MalayalamAsianet News Malayalam

സന്നദ്ധ പ്രവർത്തവര്‍ക്കെതിരെ കൈയേറ്റം: യുവാക്കള്‍ക്ക് ശിക്ഷയായി രണ്ട് ദിവസത്തെ സന്നദ്ധ സേവനം

ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈകുന്നേരം ബൈക്കിൽ ചുറ്റിക്കറങ്ങിയ യുവാക്കളെ വളണ്ടിയർ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമായത്.

youth get volunteer work as punishment by police
Author
Valanchery, First Published May 25, 2021, 9:42 PM IST

വളാഞ്ചേരി: സന്നദ്ധ പ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ശിക്ഷയായി ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനം നൽകി വളാഞ്ചേരി പോലീസ്. എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് തല ആർ ആർ ടി വളണ്ടിയറേയാണ് നാട്ടുകാരായ രണ്ട് യുവാക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈകുന്നേരം ബൈക്കിൽ ചുറ്റിക്കറങ്ങിയ യുവാക്കളെ വളണ്ടിയർ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമായത്. ഇതിനിടെ ബൈക്കിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച വളണ്ടിയറുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി ഫോട്ടോ നീക്കം ചെയ്തതിന് ശേഷം തിരികെ കൊടുത്ത് യുവാക്കൾ ബൈക്ക് ഓടിച്ച് പോകുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ പരാതി വന്നതിനെ തുടർന്ന് യുവാക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും സംഭവത്തിൽ യുവാക്കൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്ന് പരാതിക്കാരൻ മറ്റ് നിയമനടപടികളൊന്നും ആവശ്യമില്ലെന്ന് അറിയിച്ചെങ്കിലും ചെയ്ത കാര്യത്തിന് ശിക്ഷയായി ഒരു ദിവസം സന്നദ്ധ പ്രവർത്തനം നടത്താൻ വളാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ പി എം ശമീർ നിർദേശിക്കുകയായിരുന്നു.

തുടർന്ന്  വളാഞ്ചേരി കാവുംപുറം കവലയിൽ പോലീസിനോടൊപ്പം സന്നദ്ധ പ്രവർത്തനത്തിന് യുവാക്കളെ നിയോഗിച്ചു. യുവാക്കൾക്ക് സാമൂഹിക സേവനത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് ഇൻസ്‌പെക്ടർ  പറഞ്ഞു. പോലീസ് നടത്തുന്ന ജാഗ്രതയോടെയുള്ള പ്രവർത്തനം നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ വില മനസ്സിലായെന്നും യുവാക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios