കോഴിക്കോട്:

കോഴിക്കോട്: പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെട്ട 19 കാരൻ പിടിയിൽ. കോഴിക്കോട് അന്പായിത്തോട് സ്വദേശി മജ്‍നാസ് വി.പി. ആണ് പിടിയിലായത്. കോഴിക്കോട് സൈബർ ഡോമിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. പ്രതിയെ റിമാൻറ് ചെയ്തു.

മജ്‍നാസിന്‍റെ സൈബർ ക്രൈം രീതി ഇങ്ങനെയാണ്. ചിത്രങ്ങൾക്ക് പ്രധാന്യം നൽകുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലെ  പെൺകുട്ടികളുടെ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ സ്കീൻ ഷോട്ട് എടുക്കും. ആ സ്കീൻ ഷോട്ട് അശ്ലീല പദപ്രയോഗങ്ങളോട് കൂടി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ സ്റ്റോറി ആക്കും. ഇതിൽ പെൺകുട്ടിയുടെ അക്കൗണ്ടിന്‍റെ ലിങ്കും ഉണ്ടാകും. 

"

തുടർന്ന് ഈ സ്റ്റോറികൾ പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് തന്നെ അയച്ചുകൊടുക്കും. അശ്ലീല പരാമർശവും മറ്റും കണ്ട് പരിഭ്രാന്തരാകുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വീഡിയോ കോളോ അശ്ലീല ചിത്രമോ ആവശ്യപ്പെടും. ഈ കുരുക്കിൽ വീഴുന്നവരെ വീണ്ടും ഭീഷണിപ്പെടുത്തും. അഞ്ചോളം അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു മജ്നാസിന്‍റെ ഈ പ്രവർത്തനങ്ങൾ. 

സമാന അനുഭവം നേരിട്ട ബാലുശ്ശേരി സ്വദേശിനി പരാതിയുമായി കോഴിക്കോട് സൈബർ ഡോമിനെ സമീപിച്ചതോടെ മജ്‍നാസിന് കുരുക്ക് വീണു. ഇയാൾ സോഷ്യൽമീഡിയ വ്യാപകമായി ദുരുപയോഗം ചെയ്തെന്നാണ് പൊലീസിന‍്റെ വിലയിരുത്തൽ. 

നടക്കാവ് സ്റ്റേഷനിൽ ഉൾപ്പെടെ 40 ഓളം പരാതിയാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്. രണ്ട് വർഷം മുന്പും മജ്നാസിനെതിരെ പരാതിയുണ്ടായിരുന്നു. അന്ന് ഇയാളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.  മജ്നാസിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.