കെട്ടി നിൽക്കുന്ന ചളിവെളളത്തിൽ കുളിച്ചും തുണി അലക്കിയുമാണ് യുവാവ് പ്രതിഷേധമറിയിച്ചത്.  

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിലെ കൊപ്പത്ത് തകർന്ന റോഡിലെ ചളിവെളളത്തിൽ കുളിച്ച് യുവാവിന്‍റെ പ്രതിഷേധം. കുലുക്കല്ലൂർ പഞ്ചായത്തിലെ പ്രഭാപുരം പപ്പടിപടി റോഡിലാണ് വേറിട്ട പ്രതിഷേധം നടന്നത്. പപ്പടപടി സ്വദേശി സുബൈറാണ് റോഡിൽ കെട്ടി നിൽക്കുന്ന ചളിവെളളത്തിൽ കുളിച്ചും തുണി അലക്കിയും പ്രതിഷേധമറിയിച്ചത്. കുഴിയിൽ വാഴയും നട്ട് യുവാവ് പ്രതിഷേധം അറിയിച്ചു.

പൊട്ടിപ്പൊളിഞ്ഞ റോഡ് മഴക്കാലമായതോടെ ചളിവെള്ളം നിറഞ്ഞ് കുളമായിരിക്കുകയാണ്. വലിയ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്. കാൽനട യാത്രക്കാർക്കും റോഡിലുടെയുള്ള യാത്ര ദുഷ്കരമാണ്. ഇതോടെയാണ് സുബൈർ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും തുണിയും കുപ്പായവും എടുത്ത് ഇറങ്ങിയാൽ റോഡിൽ നിന്നും കുളി പാസാക്കി പോകാം, അതിനാണ് റോഡിൽ കുളം സർക്കാർ കെട്ടി തന്നത് എന്നാണ് സുബൈറിന്‍റെ പരിഹാസം.