കാറില്‍ ചെറുതായി ഉരസി പ്രൈവറ്റ് ബസ് നിര്‍ത്താതെ പോയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. 

കോട്ടയ്ക്കല്‍: റോഡില്‍ തിരക്ക് കൂടുന്ന സമയത്ത് വാഹനങ്ങള്‍ തമ്മില്‍ ഉരസലും അതിനേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്. എന്നാല്‍ ഇത്തരമൊരു തര്‍ക്കം മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്തുമോ? അങ്ങനെ സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം മലപ്പുറം കോട്ടയ്ക്കലിലുണ്ടായത്. കാറില്‍ ചെറുതായി ഉരസി പ്രൈവറ്റ് ബസ് നിര്‍ത്താതെ പോയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. 

ഉരസിയിട്ടും ബസ് നിര്‍ത്താതെ പോയതോടെ ബസിനെ പിന്തുടര്‍ന്ന കാര്‍ ഡ്രൈവറായ യുവാവ് ബസ് നടുറോഡില്‍ തടഞ്ഞു. പിന്നാലെ ബസിന്‍റെ താക്കോലും ഊരി യുവാവ് പോയി. ഇതോടെ ബസ് പെരുവഴിയില്‍ യാത്രക്കാരുമായി കുടുങ്ങുകയായിരുന്നു. എടരിക്കോട് ടൌണില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവങ്ങള്‍ നടന്നത്. കോട്ടക്കലിലേക്ക് വന്ന സ്വകാര്യ മിനി ബസാണ് കാറിൽ ഉരസിയത്. ബസ് നിർത്താതെ പോയതോടെ യുവാവ് ബസിനെ പിന്തുടരുകയായിരുന്നു. എടരിക്കോട് ടൗണിൽ വെച്ച് കാര്‍ റോഡിന് വിലങ്ങനെ ഇട്ടാണ് യുവാവ് ബസ് തടഞ്ഞത്. 

റോഡില്‍ വൈകുന്നേരമായതിനാല്‍ നല്ല തിരക്കുള്ള സമയമായിരുന്നു. നടുറോഡില്‍ ബസ് പെട്ടതിന് പിന്നാലെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ഹൈവേ പൊലീസ് സ്ഥലത്ത് എത്തി യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരം റോഡിൽ കുടുങ്ങിയ ബസ് ഉടമകൾ എത്തി സ്പെയർ ഉപയോഗിച്ച് രാത്രിയോടെ കൊണ്ടുപോവുകയായിരുന്നു. 

മാനന്തവാടിയിൽ ഓടിക്കൊണ്ടിരിക്കെ ബ്രേക്ക് തകരാറിലായതിന് പിന്നാലെ മനോധൈര്യം കൈവിടാതിരുന്ന ഡ്രൈവര്‍ രക്ഷിച്ചത് നിരവധി ജീവനുകള്‍. കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലേക്ക് ഇടിച്ചുനിര്‍ത്തിയാണ് ഡ്രൈവര്‍ വന്‍ അപകടം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നിറയെ യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുകായായിരുന്ന ബസിന്റെ ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്. ബ്രേക്കിംഗ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് തിരിച്ചത്.