ആലപ്പുഴ: കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ഒന്നരക്കിലോ കഞ്ചാവുമായി വിശാഖ് (20), ജോര്‍ജ് ജി ഫ്രാന്‍സിസ് (18), കോട്ടമാലി സുബീന്‍ (24 എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഇരമത്തൂര്‍ മുസ്ലീം പള്ളിക്ക് സമീപത്ത് വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. പൊലീസ് കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ യുവാക്കള്‍ പോയതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കഞ്ചാവും ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.  23000 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വാങ്ങുന്നത്. മാന്നാറില്‍ നിന്നും കുമളി വഴി കമ്പത്തെത്തി ഇവിടെ നിന്നും കഞ്ചാവ് വാങ്ങി തിരികെ ട്രെയിനില്‍ കോയമ്പത്തൂര്‍ വഴി ചെങ്ങന്നൂരോ മാവേലിക്കരയോ ഇറങ്ങാറാണ് മൂവര്‍ സംഘത്തിന്‍റെ പതിവ്. പൊലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധന ഭയന്നാണ് പ്രതികള്‍ ഇത്തരത്തില്‍ യാത്ര ചെയ്തിരുന്നത്. മാന്നാര്‍ മേഖലയിലുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വില്‍പ്പനയാണ് മൂവരും നടത്തിയിരുന്നത്.