മാനവീയം വീഥിയിൽ കൂട്ടയടി: യുവാവിനെ നിലത്തിട്ട് ചവിട്ടി; സംഘർഷത്തിനിടെ ചുറ്റിലും നൃത്തം ചെയ്ത് യുവാക്കൾ
ഇന്നലെ രാത്രി നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ലെന്ന്

തിരുവനന്തപുരം: കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയിൽ കൂട്ടത്തല്ല് നടന്നു. ഇന്നലെ രാത്രിയാണ് സംഘർഘം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദ്ദിച്ചു. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു.
സംഘർഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മാനവീയം വീഥിയിൽ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘർഷങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. ഇന്നലെ ഈ സംഘർഷം ശ്രദ്ധയിൽപെട്ടയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൂന്തുറ സ്വദേശിയായ ഒരാൾ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. മർദ്ദനമേറ്റ ആൾ തന്നെയാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസിന്റെ ശ്രമം.