കോഴിക്കോട്: മദ്യ ലഹരിയിൽ എസ്എഫ്ഐ വനിതാ നേതാക്കളടക്കമുള്ളവരെ അസഭ്യം പറഞ്ഞ രണ്ടുപേർ പിടിയിൽ. ജില്ലാ സമ്മേളനത്തിന് പോവുകയായിരുന്നവരെ ബൈക്കിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവരാണ് കുടുങ്ങിയത്. മാഹിയിൽ നിന്നും മദ്യം കടത്തുന്നവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

ബേപ്പൂരിൽ നടക്കുന്ന ജില്ലാ സമ്മേനത്തിന് പയ്യോളിയിൽ നിന്നും ജീപ്പിൽ വരികയായിരുന്നു പെൺകുട്ടികളടക്കമുള്ള എസ്എഫ്ഐ നേതാക്കൾ. ഏലത്തൂർ മുഖവൂരെത്തിയപ്പോൾ രണ്ടു ബൈക്കിലെത്തിയ രണ്ടുപേർ ജീപ്പിനെ പിന്തുടർന്ന് വിദ്യാർത്ഥിനികളെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ശല്യം ചെയ്യലും അസഭ്യം പറയലും തുടർന്നതോടെ. ജീപ്പ് നിർത്തി എസ്എഫ്ഐക്കാർ ഇവരോട് സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഇരുവരും മദ്യലഹരിയിലാണെന്ന് മനസിലായത്. 

അതിനിടെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും ഇവർ നടത്തിയതോടെ നാട്ടുകാരും സ്ഥലത്തെത്തി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും ബാഗിൽ നിന്നും  മദ്യം കണ്ടെത്തിയത്. മാഹിയിൽ നിന്നും മദ്യം കടത്തി വിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മദ്യം കടത്തിയതിനും പൊതുഇടത്തിൽ മോശമായി പെരുമാറിയതിനും കേസ് എടുത്തിട്ടുണ്ട്. മാറാട് സ്വദേശികളായ ദിൽഷാദ്, സനൽ എന്നിവരാണ് പിടിയിലായത്.