യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ
ആറ് പേരടങ്ങുന്ന സംഘമാണ് കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ ഒളിവിലാണ്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്. കഠിനംകുളം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്

തിരുവനന്തപുരം: യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത പ്രതികൾ പിടിയിൽ. കഠിനംകുളം സെന്‍റ് ആൻഡ്രൂസ് സ്വദേശികളായ സുബിൻ (32), സന്ദീപ് (23), വിബിൻ (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ യുവാക്കളെ മർദ്ദിച്ച ശേഷം പണവും മൂന്ന് മൊബൈൽ ഫോണുകളും തട്ടിയെത്ത് ഇവര്‍ കടന്ന് കളയുകയായിരുന്നു.
ആറ് പേരടങ്ങുന്ന സംഘമാണ് കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ ഒളിവിലാണ്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്. കഠിനംകുളം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അതേസമയം, ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിലായി. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രസാദ് എയർ ഗണ്ണിന് വെടി വെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പിടികൂടിയത്. ഇവിടെ ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് കഴിഞ്ഞ രാത്രി ഒളിവിൽ കഴിഞ്ഞത്.
ബന്ധുക്കളായ സോമനും പ്രസാദും കാലങ്ങളായി അകൽച്ചയിലായിരുന്നു. തർക്കവും കയ്യാങ്കളിയും പതിവ് സംഭവം. ഇന്നലെ വൈകിട്ടും വാക്ക് തർക്കം ഉണ്ടായി. വിമുക്ത ഭടൻ കൂടിയായ പ്രസാദ് ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു. സോമന്‍റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സോമന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം