ഓഫറിട്ട് 150 രൂപയ്ക്ക് ചെരുപ്പുകൾ വിറ്റു; അതേ ബിസിനസ് നടത്തുന്ന എസ്ഐയും മകനും മര്‍ദ്ദിച്ചതായി ദമ്പതികൾ, പരാതി
പരാതിക്കാരിയുടെ കടയുടെ തൊട്ട് ചേർന്നാണ് എസ്ഐയുടെ ചെരിപ്പ് കടയും സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച ഒരു മണിക്കൂറിൽ ഓഫർ വിലയായ 150 രൂപയ്ക്ക് ഷൂസുകളും ചെരുപ്പുകളും ഇവർ വില്‍പ്പന നടത്തിയിരുന്നു

തിരുവനന്തപുരം: ചെരിപ്പുകൾ വില കുറച്ചു വിൽപന നടത്തി എന്ന് ആരോപിച്ച് കടയുടമായ യുവതിക്കും ഭർത്താവിനും മകനും എസ്ഐയുടെ മർദ്ദനം എന്ന് ആരോപണം. ഇന്റലിജൻസ് എസ്ഐയായ ഫിറോസ് ഖാന് എതിരെയാണ് കുടുംബം പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പോത്തൻകോട് ജംഗ്ഷനിൽ ചെരിപ്പു കട നടത്തുന്ന യുവതിക്കും ഭർത്താവും മകനുമാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം.
പരാതിക്കാരിയുടെ കടയുടെ തൊട്ട് ചേർന്നാണ് എസ്ഐയുടെ ചെരിപ്പ് കടയും സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച ഒരു മണിക്കൂറിൽ ഓഫർ വിലയായ 150 രൂപയ്ക്ക് ഷൂസുകളും ചെരുപ്പുകളും ഇവർ വില്‍പ്പന നടത്തിയിരുന്നു. കൂടുതൽ ആളുകൾ കടയിലെത്തിയതിൽ വിരോധം തോന്നിയ ഫിറോസ് ഖാനും മകൻ മുഹമ്മദ് ഫയാസും ചേർന്ന് ഇവരുടെ കടയിലെത്തി യുവതിയുടെ ഭർത്താവിനെ മർദ്ദിച്ചു എന്നും തടയാൻ ചെന്ന യുവതിയെയും മർദ്ദിച്ചു എന്നുമാണ് പരാതി.
തറയിൽ വീണ് യുവതിയെ ഫിറോസ് തറയിലിട്ടു ചവിട്ടുകയും നെഞ്ചത്ത് പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കല്‍ കോളേജിൽ ചികിത്സ തേടി. എസ്ഐ ഫിറോസ് ഖാനും മകൻ മുഹമ്മദ് ഫയാസിനുമെതിരെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനും മർദ്ദനത്തിനും പോത്തൻകോട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് മാസം മുൻപും സമാന സംഭവം നടന്നതായും പിന്നീട് വ്യാപാരി വ്യവസായി സംഘടനകൾ ചേർന്ന് ഒത്തുതീർപ്പാക്കിയതായും യുവതി പറഞ്ഞു.
അതേസമയം, കാസർകോട് കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കാസർകോട് പേരാൽ സ്വദേശി ഫർഹാസ് (17) മരണപ്പെട്ട വിഷയത്തിലാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയിൽ കാർ മറിഞ്ഞാണ് ഫര്‍ഹാസിന് പരിക്കേറ്റത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. മുസ്ലിം ലീഗും വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം