കോഴിക്കോട്: യുവമോർച്ച മെഡിക്കൽ കോളജ് എച്ച്ഡിഎസ് യോഗത്തിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധവും രോഗികൾക്ക് ദുരിതമായി. മെഡിക്കൽ കോളജില്‍ രാജ്യദ്രോഹപ്രവർത്തനങ്ങൾ നടന്നെന്ന് ജില്ല കളക്ടര്‍ കഴിഞ്ഞ എച്ച്ഡിഎസ് യോഗത്തിൽ അറിയിച്ചിട്ടും ആ വിഷയത്തിൽ സമഗ്രമായ അന്വേഷണം ഇതുവരെ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. എന്നാല്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം മെഡിക്കല്‍കോളേജിലെ എബിവിപി യൂണിറ്റ് തന്നെ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

ഇന്ന് നടന്ന എച്ച്ഡിഎസ് യോഗത്തിലേക്ക് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ഉൾപ്പെടെ ഇരച്ച് കയറിയതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡോ. കഫീൽ ഖാന് സ്വീകരണം നൽകിയത് ഉൾപ്പെടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്നും യുവമോർച്ച ആരോപിച്ചു. മെഡിക്കൽ കോളജ്  ഒപി ബ്ലോക്കിന് മുൻപിൽ മണിക്കൂറുകൾ വൻ ശബ്ദത്തിൽ മൈക്ക് കെട്ടി നടത്തിയ പ്രതിഷേധം രോഗികൾക്ക് ഏറെ ദുരിതമാണ് സൃഷ്ടിച്ചത്.