ആലപ്പുഴ: അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് ആലപ്പുഴക്കാരന്‍ ബൈജു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ബൈജുവിന് സ്വന്തമായിരിക്കുന്നത്. പിഡി 226176 എന്ന നമ്പരിലൂടെ ഇദ്ദേഹത്തെ ഭാഗ്യം തേടി എത്തുകയായിരുന്നു. ഇതോടെ സ്വന്തം വീടെന്ന സ്വപ്നമാണ് ബൈജുവിന് യാഥാര്‍ത്ഥ്യമാാന്‍ പോകുന്നത്. 

മുതുകുളം സ്വദേശിയായ ബൈജു കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. വെട്ടത്തുമുക്കിലെ രാജു എന്നയാളുടെ കടയില്‍ നിന്നാണ് ബൈജു സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്തത്. ഭാഗ്യക്കുറി എടുത്തപ്പോള്‍ ബൈജു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തന്നെ ഭാഗ്യം തേടി എത്തുമെന്ന്. 

എന്നാല്‍, ഇതാദ്യമായല്ല ബൈജുവിനെ തേടി ഭാഗ്യം എത്തുന്നത്. മുന്‍പ് രണ്ടുതവണ 50,000 രൂപവീതം സമ്മാനം കിട്ടിയിട്ടുണ്ട്. നാല് വര്‍ഷമായി വാടകവീട്ടിലാണ് ബൈജുവും കുടുംബവും കഴിയുന്നത്. സ്വന്തമായി വസ്തുവും വീടും വാങ്ങണമെന്നും കുട്ടികളെ നല്ലരീതിയില്‍ പഠിപ്പിക്കണമെന്നുമാണ് ആഗ്രഹം. ഷീനയാണ് ബൈജുവിന്റെ ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ്, ഏഴാം ക്ലാസുകാരിയായ ഐശ്വര്യ എന്നിവര്‍ മക്കളാണ്. ലോട്ടറി കരീലക്കുളങ്ങര എസ്ബിഐയില്‍ ഏല്‍പ്പിച്ചു.