തൃശ്ശൂർ: കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ലക്ഷപ്രഭുക്കൾ ആയ സന്തോഷത്തിലാണ് അശോകനും ഷാജിയും. ഞായറാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് ഇരുവരെയും ഭാ​ഗ്യം തേടി എത്തിയത്. പിഎ 557396 എന്ന ടിക്കറ്റിലൂടെ 80 ലക്ഷം രൂപ(ഒന്നാം സമ്മാനം)യാണ് ഇവർക്ക് സ്വന്തമായത്.  

തൃശ്ശൂരിലെ തൃപ്പറ്റ് സ്വദേശികളാണ് ഷാജിയും ആശോകനും. അശോകൻ കൂലിപ്പണിക്കാരനും ഷാജി തൃപ്പറ്റ് സെന്ററിലെ ചായക്കടയിൽ ജോലിക്കാരനുമാണ്. ലോക്ക്ഡൗണിന് പിന്നാലെ ജോലി നഷ്ടമായതോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ഇരുവരേയും തേടി ഭാ​ഗ്യം എത്തിയത്. രണ്ട് പേരും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.

എല്ലാവരേയും പോലെ ലോട്ടറി എടുത്തപ്പോൾ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഒന്നാം സമ്മാനം തന്നെ സ്വന്തമാക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നുവെന്നും അശോകൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വല്ലപ്പോഴും ലോട്ടറി എടുക്കാറുള്ളവരാണ് ഇരുവരും. ഏതാനും മാസം മുമ്പാണ് ഷാജിയുമായി ലോട്ടറി എടുക്കാൻ തുടങ്ങിയതെന്നും അശോകൻ പറയുന്നു.

ഒന്നാം സമ്മാനം മാത്രമല്ല ഇതേ നമ്പറിലെ സമാശ്വാസ സമ്മാനവും ഇവർക്ക് തന്നെയാണ് ലഭിച്ചത്. ആൽത്തറ ചൊവ്വല്ലൂർ ലക്കി പോയിന്റിൽ നിന്നുള്ള ടിക്കറ്റ് തൃപ്പറ്റ് പൊറ്റയിൽ ശശിയാണ് ഇവർക്ക് വിറ്റത്. കടങ്ങൾ തീർത്ത് പുതിയ വീട് വയ്ക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.