കാസർകോട്: ചെറിയ സമ്മാനങ്ങൾ വല്ലതും കിട്ടിയോന്ന് പരിശോധിച്ച് നിരാശനായി ലോട്ടറി ടിക്കറ്റ് കീറിയെറിയുമ്പോൾ ഓട്ടോ ഡ്രൈവറായ മൻസൂർ അലി കരുതിയിരുന്നില്ല, പ്രതീക്ഷിച്ചതിനെക്കാൾ വലിയ സമ്മാനം തനിക്കുണ്ടായിരിക്കുമെന്ന്. അഞ്ച് ലക്ഷം സമ്മാനം അടിച്ചത് അറിയിക്കാൻ ലോട്ടറി ഏജന്‍റ് എത്തിയപ്പോഴാണ് മൻസൂർ വിവരമറിയുന്നത്. പിന്നാലെ കൂട്ടുകാരുടെ സഹായത്തോടെ ടിക്കറ്റ് കഷണങ്ങൾ കൂട്ടിവച്ചു. സമ്മാനം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂർ.

കാസർകോട് നെല്ലിക്കട്ടയിലെ ഓട്ടോ ഡ്രൈവറാണ് ചെങ്കള സ്വദേശിയായ മൻസൂർ. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് മൻസൂർ. 19ാം തിയതി നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. മുമ്പ് 5000 രൂപ വരെയൊക്കെ മൻസൂറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്നേദിവസം പരിശോധിച്ചത് അയ്യായിരമോ അഞ്ഞൂറോ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു. 

എന്നാൽ, ഇയാൾ മുകളിലത്തെ ഫലങ്ങൾ നോക്കിയതെയില്ല. ഒടുവിൽ സമ്മാനം ഇല്ലെന്ന് കണ്ടതോടെ ടിക്കറ്റ് കീറിയെറിഞ്ഞു. പിന്നീട്, ലോട്ടറി വിറ്റ ഏജന്‍റ് തേടിയെത്തിയപ്പോഴാണ് താൻ കീറിയെറിഞ്ഞ ടിക്കറ്റിന് അഞ്ച് ലക്ഷം അടിച്ചിരുന്നതായി അറിഞ്ഞത്. 

ഉടനെ സുഹൃത്തുക്കളായ ഡ്രൈവർമാരെയും കൂട്ടി മൻസൂർ ടിക്കറ്റ് കഷണങ്ങൾ പെറുക്കിയെടുത്ത് യോജിപ്പിച്ചു. ജില്ലാ ലോട്ടറി ഓഫീസിൽ ചെന്നപ്പോൾ എംഎൽഎയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് നിവേദനം കൊടുക്കാൻ പറഞ്ഞു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂർ അലി.