പത്തനംതിട്ട: അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശിയായ മാരിമുത്ത് എന്ന ശിവ. പന്ത്രണ്ടാം തീയതി നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയിലൂടൊണ് ഈ 51കാരന് ഭാ​ഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. 298807 എന്ന ഭാ​ഗ്യ നമ്പറിലൂടെ 70 ലക്ഷം രൂപയാണ് മാരിമുത്തിന് സ്വന്തമായത്.

പത്തനംതിട്ട ന​ഗരത്തിൽ ചില്ലറ ലോട്ടറി കച്ചവടം നടത്തുന്നയാളാണ് തമിഴ്നാട് പുളിയാൻകുടി സ്വദേശിയായ മാരിമുത്ത്. സ്വന്തം വീടെന്ന സ്വപ്നം മനസ്സിലിട്ട് ദിവസവും ഒരു ലോട്ടറി ടിക്കറ്റ് മൊത്ത വ്യാപരിയിൽനിന്ന് എടുക്കുന്ന ശീലം മാരിമുത്തിന് ഉണ്ടായിരുന്നു. ഇത് തന്നെയാണ് ഈ മധ്യവയസ്കനെ ലക്ഷ പ്രഭുവാക്കിയതും. മൊത്തവ്യാപാരി എം.നാഗൂർ കനിയിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്.

വിൽപ്പനയ്ക്കായി ന​ഗരത്തിലെ എംഎൻകെ ലക്കി സെന്ററിൽ നിന്ന് മാരിമുത്തൻ ദിവസവും രണ്ട് ബുക്ക് വീത എടുക്കുമായിരുന്നു. ഒപ്പം സ്വന്തമായി ഒരു ടിക്കറ്റും മാരിമുത്ത് എടുക്കാറുണ്ട്. ഇന്ന നമ്പർ ടിക്കറ്റ് തന്നെ വേണം എന്ന നിർബന്ധമെന്നും അദ്ദേഹത്തിനില്ല. ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു നമ്പർ എടുക്കും, അതായിരുന്നു പതിവ്. 

ദിവസവും ഇങ്ങനെ എടുക്കുന്ന ടിക്കറ്റിൽ എന്നെങ്കിലും തന്റെ ഭാ​ഗ്യം തെളിയുമെന്നും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നും മാരിമുത്ത് പ്രതീക്ഷിച്ചു. ഒടുവിൽ ആ വിശ്വാസം മാരിമുത്തിനെ രക്ഷിക്കുകയും ചെയ്തു.

18-ാം വയസിൽ ചായക്കട ജോലിക്കാരനായാണ് മാരിമുത്ത് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയത്. എന്നാൽ ഏഴ് വർഷം മുമ്പ് ഉടമ കട നിർത്തിയതോടെ ഉപജീവനമാർ​ഗമായി മാരിമുത്ത് ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. എൻജിഒ ക്യാന്റീന് സമീപം റോഡരികിൽ തട്ട്  ഇട്ടാണ് മാരിമുത്തിന്റെ ലോട്ടറി കച്ചവടം. ടിക്കറ്റ് തമിഴ്നാട് മർക്കന്റൈൽ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ ഏൽപിച്ചു.