കൊല്ലം: എഴുപതു‌ ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ അമ്പരപ്പ്‌ മാറുംമുമ്പ്‌ മറ്റൊരു ടിക്കറ്റിൽ‌ 5000 രൂപ കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബുദിൻ മർഡി. കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയിലൂടെയാണ് അതിഥി തൊഴിലാളിയായ ബുദിനെ തേടി ഭാ​ഗ്യം എത്തിയത്. 

മൈനാഗപ്പള്ളി പാണ്ടിച്ചേരിൽ ലോട്ടറി ഏജൻസിയിലെ വിൽപനക്കാരനായ ബാബുക്കുട്ടൻ പിള്ളയിൽ നിന്നു വാങ്ങിയ എഇ 509910 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം കൊണ്ടും തീര്‍ന്നില്ല കേട്ടോ, സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബുദിന് ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ലഭിച്ചു. 

എട്ട് വർഷം മുമ്പാണ് ജോലി തേടി ബുദിൻ കേരളത്തിൽ എത്തിയത്. മൈനാഗപ്പള്ളി സ്വദേശി പിഎം സെയ്ദിന്റെ പാലത്തറയിൽ സിമന്റ് ബ്രിക്സ് കമ്പനിയിലാണ് ഇപ്പോൾ ബുദിൻ ജോലി നോക്കുന്നത്. കഴിഞ്ഞ 3 വർഷമായി ഇവിടെ തന്നെയാണ് ഇ​ദ്ദേഹം ജോലി ചെയ്യുന്നത്. ബുദിന്റെ ഭാര്യ സൗമിനിയും ഇവിടെയുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവർ നാട്ടിലേക്ക് പോയത്.