എറണാകുളം: അപ്രതീക്ഷിതമായി ലക്ഷാധിപതി ആയ സന്തോഷത്തിലാണ് തമിഴ്നാട് തിരുനെൽവേലി സ്വദേശി അരശൻ. കഴിഞ്ഞ 16ന് നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിലൂടെയാണ് അരശനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. 

മുടിക്കൽ വഞ്ചിനാട് കവലയിൽ വർഷങ്ങളായി തേപ്പുകട നടത്തുന്ന ആളാണ് അരശൻ. 10 രൂപ വാടകയിലാണ് മുടിക്കൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗോവണിയുടെ അടിയിൽ അരശൻ തേപ്പുകടയിട്ടത്. പിന്നീട് അതേ കെട്ടിടത്തിൽ കുറച്ചുകൂടി സൗകര്യത്തിലേക്ക് മാറുകയായിരുന്നു. 

ദിവസവും ലോട്ടറി എടുക്കുന്ന ഇദ്ദേഹത്തിന് മുമ്പ് 2000, 5000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. അതിഥിത്തൊഴിലാളിയായ വിൽപനക്കാരനിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് ഇദ്ദേഹം എടുത്തത്. 16ന് നടന്ന നറുക്കെടുപ്പാണെങ്കിലും അരശൻ അധികമാരെയും വിവരം അറിയിച്ചിരുന്നില്ല. 

ലോട്ടറി അടിച്ചതറിഞ്ഞ ഉടനെ മുൻ മെമ്പർ ഷമീർ തുകലിനെ ടിക്കറ്റ് ഏൽപ്പിച്ചു. തുടർന്നിത് മാറമ്പിളി സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. വാടക വീട്ടിൽ താമസിക്കുന്ന അരശന് സ്വന്തമായി ഒരു വീട് വാങ്ങണമെന്നാണ് ആഗ്രഹം.