ബ്രേക്കപ്പ് ആയ അതേ തീയതിയുള്ള ടിക്കറ്റ് നമ്പർ ആയിരുന്നു യുവാവ് എടുത്തത്. 

പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്നവരാണ് ഏറെയും. പലരും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ കടക്കും. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ പ്രണയം തകർന്ന് വിഷമത്തിൽ അകപ്പെട്ട യുവാവിന്റെ ജീവിതം മാറിമറിഞ്ഞ വാർത്തയാണ് ഇപ്പോൾ തായ്‌വാനില്‍ നിന്നും വരുന്നത്. 

ഉത്തര തായ്‌വാനിലാണ് സംഭവം. വർഷങ്ങളായി ഒരു പെൺകുട്ടിയുമാണ് തായ്‌വാന്‍ യുവാവ് പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും സ്വപ്നം കണ്ട് നടന്ന യുവാവിനെ കാത്തിരുന്നത് പക്ഷേ ബ്രേക്കപ്പും. ജനുവരി 10ന് ആയിരുന്നു പെൺകുട്ടി റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. ഇത് തന്നെക്കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു യുവാവിന്. ഈ അവസരത്തിൽ ആയിരുന്നു യുവാവിന്റെ ഭാ​ഗ്യപരീക്ഷണം. അതും ബ്രേക്കപ്പ് ആയ അതേ തീയതിയിലുള്ള ടിക്കറ്റ് നമ്പർ ആയിരുന്നു എടുത്തതും.

ഒടുവിൽ ഫലം വന്നപ്പോൾ ഒരു മില്യണ്‍ തായ്‌വാന്‍ ഡോളർ യുവാവിന് സ്വന്തം. അതായത് 26 ലക്ഷം രൂപയില്‍ അധികം വരും ഇത്. നിനച്ചിരിക്കാതെ വന്ന ഭാ​ഗ്യത്തിന്റെ അമ്പരപ്പിലാണ് യുവാവ് ഇപ്പോൾ. അടുത്തിടെ ആണ് തായ്‌വാന്‍ ലോട്ടറി 20 മില്യണിന്റെ സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് പുറത്തിറക്കിയത്. ഈ ലോട്ടറി ആയിരുന്നു യുവാവ് എടുത്തിരുന്നത്. എന്തായാലും കാമുകി വിട്ടുപോയ ദിനം തന്റെ ഭാഗ്യമാണെന്ന് ഈ സംഭവത്തോടെ യുവാവിന് മനസ്സിലായി എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

അതേസമയം, 17-ാം വയസിൽ കോടീശ്വരി ആയി വർഷങ്ങൾ പിന്നിട്ടപ്പോൾ ലോട്ടറി അടിക്കണ്ടായിരുന്നു എന്ന് പറഞ്ഞ യുവതിയുടെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. യൂറോ മില്യൺസ് ലോട്ടറിയുടെ ഒരു മില്യൺ പൗണ്ട് ആയിരുന്നു അവർക്ക് അടിച്ചത്. അതായത് ഏകദേശം 9,94,19,744 രൂപ. ലോട്ടറി ഇവരുടെ ജീവിതം ആകെ മാറ്റി മറിച്ചു. ആഡംബര ഹാൻഡ്‌ബാഗുകൾ, ഡിസൈനർ വസ്ത്രങ്ങൾ, ഒരു പുതിയ മൂന്ന് കിടപ്പുമുറി വീട്, വാഹനങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കി. എന്നാൽ നാളുകൾ കടന്നുപോകുന്തോറും ജെയ്നിന് ആ ആഢംബര ജീവിതം ബോറടിച്ച് തുടങ്ങുക ആയിരുന്നു.