തിരുവനന്തപുരം: തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരന്. തിരുവനന്തപുരം നഗരൂർ ഇടവൂർക്കോണം സ്വദേശിയായ എം.തങ്കപ്പനെ (72)യാണ് ഭാ​ഗ്യം തുണച്ചത്. WR 746417 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

നഗരൂർ ബാങ്കിന് സമീപം ഭാഗ്യക്കുറി ടിക്കറ്റ് വിൽക്കുന്ന സുലൈമാന്റെ പക്കൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് തങ്കപ്പൻ ടിക്കറ്റ് എടുത്തത്. അന്നു ഉച്ചയ്ക്ക് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഭാഗ്യ ദേവത തങ്കപ്പനെ കടാക്ഷിക്കുകയായിരുന്നു.

നേരത്തെ കൂലിപ്പണി ചെയ്തിരുന്ന തങ്കപ്പൻ, കാലിന് അസുഖം ബാധിച്ചതോടെ നാല് വർഷം മുൻപാണ് നഗരൂർ ജംക്‌ഷനിൽ ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങിയത്. അഞ്ച് സെന്റ് ഭൂമി വാങ്ങി പുതിയ വീട് നിർമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തങ്കപ്പൻ പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് ഇന്ത്യൻ ഓവർസീസ് ബാങ്ക് നഗരൂർ ശാഖയിൽ ഏൽപിച്ചു.