ഈ പക്ഷിയെ ഈജിപ്ത് കേന്ദ്രമാക്കി ഭരിച്ചിരുന്ന അയ്യൂബ് രാജവംശത്തിലെ ഒരു സുൽത്താനിൽ നിന്നും സമ്മാനമായി ലഭിച്ചതാണ്

പതിമൂന്നാം നൂറ്റാണ്ടിലെ തത്ത എങ്ങനെയായിരിക്കും. യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ നിന്നും വേറെ രാജ്യങ്ങള്‍ സഞ്ചരിച്ചെത്തിയതാണ് ആ തത്തയെങ്കിലോ... അങ്ങനെയൊരു തത്തയെ കണ്ടെത്തി. 13 ആം നൂറ്റാണ്ടിലെ ഒരു യൂറോപ്യൻ കയ്യെഴുത്തുപ്രതിയിൽ നിന്നാണ് ഓസ്ട്രേലിയൻ കൊക്കട്ടുവിന്‍റെ (തലയിൽ ശിഖയുള്ള ഒരിനം തത്ത) ഏറ്റവും പുരാതനമായ ചിത്രങ്ങൾ ഗവേഷകർ കണ്ടെത്തിയത്. 

ഈ വെളുത്ത പക്ഷിയുടെ നാല് ചിത്രങ്ങൾ കണ്ടെത്തിയത് വിശുദ്ധ റോമൻ ചക്രവർത്തി ഫ്രെഡറിക് രണ്ടാമന്‍റെ സ്വന്തമായിരുന്ന കൈയ്യെഴുത്ത് പ്രതിയിൽ നിന്നാണ്. പക്ഷികളെ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഇപ്പോൾ വത്തിക്കാൻ ലൈബ്രറിയിലാണ്. 

ഓസ്ട്രേലിയൻ തത്തയുടെ ഇന്നുവരെ കണ്ടെത്തിയിട്ടുള്ള മറ്റ് ചിത്രീകരണങ്ങളേക്കാളും 250 വർഷമെങ്കിലും പഴയതാണ് പുതിയ ചിത്രങ്ങൾ. 1241 മുതൽ 1248 വരെയുള്ള കാലഘട്ടത്തിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ചിത്രങ്ങൾ മധ്യകാല വ്യാപാര വഴികളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഈ പക്ഷികൾ വടക്കേ ആസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ, അല്ലെങ്കിൽ ഇന്തോനേഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് യൂറോപ്പിൽ എത്തിപ്പെട്ടത് എന്നാണ് കരുതുന്നത്. ചിത്രത്തോടൊപ്പമുള്ള ലാറ്റിൻ വിവരണത്തിൽ നിന്നും മനസ്സിലാക്കാനാവുന്നത് ഈ പക്ഷിയെ ഈജിപ്ത് കേന്ദ്രമാക്കി ഭരിച്ചിരുന്ന അയ്യൂബ് രാജവംശത്തിലെ ഒരു സുൽത്താനിൽ നിന്നും സമ്മാനമായി ലഭിച്ചതാണ് എന്നാണ്.

പക്ഷിയുടെ യഥാർത്ഥ ആവാസ വ്യവസ്ഥയിൽ നിന്നും ഈജിപ്തിലും, അവിടെ നിന്ന് ഇറ്റലിയിലും, എത്തിപ്പെട്ടത് വർഷങ്ങൾ നീണ്ട് നിന്ന യാത്രയിലൂടെ ആയിരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.