സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 944 പേര്‍ കൊല്ലപ്പെട്ടു. 1,40,000 പേര്‍ വീടില്ലാത്തവരായി പെരുവഴിയിലേക്കിറക്കപ്പെട്ടു. 130 പേര്‍ ഇന്നും കാണാനില്ലാത്തവരുടെ പട്ടികയിലുണ്ട്. ഗോധ്ര ട്രെയിന്‍ ദുരന്തത്തിന് ശേഷമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാപങ്ങളെ നേരിട്ട പോലീസിന്റെ വെടിവെപ്പില്‍ മാത്രം 37 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇവയെല്ലാം ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ്.
2002 ഫെബ്രുവരി 27ന് ആണ് സബര്‍മതി എക്‌സപ്രസിന്റെ എസ്- സിക്‌സ് കോച്ചിന് തീ പിടിക്കുന്നത്. 56 പേര്‍ മരണപ്പെട്ടു. ഇതുവരെയും ഉത്തരം കിട്ടാത്ത ആ ചോദ്യം ദുരന്തം നടന്ന് 15 വര്‍ഷങ്ങള്‍ക്കിപ്പുറവും നിരവധി സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഗുജറാത്തിലെ ഫോറന്‍സിക് സ്റ്റഡീസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മൊഹീന്ദര്‍ സിംഗിന്റെ ചില കണ്ടെത്തലുകള്‍ ആണ് ആ സംശയത്തിന് ആധാരം.
പുറത്ത് നിന്നല്ല തീ പടര്‍ന്നത്
ട്രെയിനിലേക്ക് പുറത്ത് നിന്നെത്തിയ ആരോ തീ കൊളുത്തുകയായിരുന്നുവെന്നാണ് ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ ഈ വാദത്തെ പൊളിക്കുന്നതായിരുന്നു മൊഹീന്ദര്‍ സിംഗിന്റെ കണ്ടെത്തലുകള്‍.
ട്രെയിന്റെ ഉള്ളില്‍ നിന്നാണ് തീ പിടിച്ചത്. ഏകദേശം 60 ലിറ്ററോളം ഇന്ധനം ട്രെയിന്‍ തീ കൊളുത്താനുപയോഗിച്ചിരുന്നു.
ട്രെയിനിലുണ്ടായിരുന്നത് കര്‍സേവകര്‍
തീപിടിച്ച എസ് സിക്‌സ് കോച്ചിലുള്‍പ്പടെയുണ്ടായിരുന്നത് കര്‍ സേവകരാണ്.
അറുപത് ലിറ്റര്‍ ഇന്ധനം ട്രെയിനിനുള്ളിലൂടെ ഒഴിക്കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല.
ഇത്രയും പേര്‍ നോക്കി നില്‍ക്കെ പുറത്ത് നിന്നൊരാള്‍ക്ക് അത് ചെയ്യാനുമാകില്ല. അങ്ങനെയെങ്കില്‍ ആരാണ് ട്രെയിനിന് തീ വച്ചത്?
ഫോട്ടോഗ്രാഫുകള്‍ പറയുന്നത്
പുറത്ത് നിന്നുള്ള സംഘമാണ് ട്രെയിന്‍ ആക്രമിച്ചതെന്ന വാദം മൊഹന്ദീര്‍ ഫോട്ടോഗ്രാഫുകള്‍ നിരത്തി പൊളിക്കുന്നുണ്ട്.
അപകടം നടന്ന സമയത്തെടുത്ത ചിത്രങ്ങളിലെല്ലാം തീ പടരുന്നത് തീവണ്ടിക്ക് ഉള്ളില്‍ നിന്നാണ്.
വിന്‍ഡോ വഴിയും തീ കൊളുത്താനാവില്ല
ട്രെയിനിന്റെ പുറത്ത് നിന്ന് ജനാലവഴിയും അറുപത് ലിറ്ററോളം ഇന്ധനം ട്രെയിനിനകത്തേക്ക് ഒഴിക്കാനാവില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഏകദേശം 14 അടി ദൂരമുണ്ട് പ്ലാറ്റ് ഫോമും ട്രെയിനും തമ്മില്‍. മാത്രമല്ല ട്രെയിനിന് പുറത്ത് നിന്ന് ഒഴിക്കുകയാണെങ്കില്‍ 10-15 ശതമാനം ഇന്ധനം മാത്രമേ അകത്തേക്ക് എത്തൂ.
ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഗുജറാത്ത് ഫോറന്‍സിക് ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ മുന്നോട്ട് വയ്ക്കുന്നത്.
