Asianet News MalayalamAsianet News Malayalam

ഇരുപതാമത്തെ വയസിനുള്ളില്‍ 25 ടാറ്റൂ; ടാറ്റൂ ഭ്രമത്തിന് പിന്നിലെ കഥ

 നിന്നെ ഇനി ആരു കല്ല്യാണം കഴിക്കുമെന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ എതിര്‍ത്തുകൊണ്ടിരുന്നു. എനിക്ക് ഒരു ബിരുദം കിട്ടുമെന്നോ ജോലി കിട്ടുമെന്നോ ഒന്നും അവര്‍ ചിന്തിച്ചതേയില്ല

25 tattoos in 20 years
Author
Mumbai, First Published Sep 8, 2018, 2:10 PM IST

മുംബൈ: ടാറ്റൂ ചെയ്യുന്നതിന് പിന്നില്‍ പല കഥകളും പറയാനുണ്ടാകും. ഓരോ ടാറ്റൂവിനു പിന്നിലും ഒരുപാട് കഥകളുണ്ടാവാം. പക്ഷെ, തേജസ്വി എന്ന പെണ്‍കുട്ടിയുടെ ടാറ്റൂ ഭ്രമം ഒരല്‍പം കൂടുതലല്ലേ എന്ന് സംശയം തോന്നിയേക്കാം. പക്ഷെ, ഇവള്‍ക്ക് ടാറ്റൂ ചെയ്യുന്നതും ചെയ്തുകൊടുക്കുന്നതും പാഷനാണ്, ജീവനാണ്. ഇരുപത് വയസിനുള്ളില്‍ 25 ടാറ്റൂകളാണ് ഈ പെണ്‍കുട്ടി തന്‍റെ ശരീരത്തില്‍ ചെയ്തത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണിവള്‍. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഈ ടാറ്റൂ ഭ്രമത്തെ കുറിച്ചെഴുതിയിരിക്കുന്നത്. 

അമ്മയ്ക്കും, അച്ഛനും എതിര്‍പ്പായിരുന്നുവെന്നും, അമ്മ അതിന്‍റെ പേരില്‍ ഒരുപാട് കരഞ്ഞിരുന്നുവെന്നും ഈ ടാറ്റൂ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കുന്നു. പക്ഷെ, ഇപ്പോഴവര്‍ക്ക് അവളുടെ ടാറ്റൂ ഭ്രമം മനസിലാകുന്നുണ്ട് എന്നും. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: എല്ലാവരും എന്‍റെ പേര് തെറ്റിച്ചാണ് വിളിച്ചിരുന്നത്. അതുകൊണ്ട് പതിനേഴാമത്തെ വയസില്‍ കൈത്തണ്ടയില്‍ ഞാനെന്‍റെ പേര് ടാറ്റൂ ചെയ്തു. വീട്ടുകാര്‍ക്ക് അതിഷ്ടമായില്ല. രണ്ട് ദിവസം അവരെന്നോട് മിണ്ടാതിരുന്നു. പക്ഷെ, ഞാന്‍ ടാറ്റൂ ചെയ്യുന്നത് തുടര്‍ന്നു. ഇരുപതാമത്തെ വയസാകുമ്പോഴേക്കും 25 ടാറ്റൂ ഞാന്‍ ചെയ്തിരുന്നു. അതെല്ലാം ഡിസൈന്‍ ചെയ്തത് ഞാന്‍ തന്നെയായിരുന്നു. നിന്നെ ഇനി ആരു കല്ല്യാണം കഴിക്കുമെന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ എതിര്‍ത്തുകൊണ്ടിരുന്നു. എനിക്ക് ഒരു ബിരുദം കിട്ടുമെന്നോ ജോലി കിട്ടുമെന്നോ ഒന്നും അവര്‍ ചിന്തിച്ചതേയില്ല. ബി.എം.എസ് അവസാന വര്‍ഷമായപ്പോഴാണ് എല്ലാം മാറിയത്. ആ ബിരുദമായിരുന്നില്ല എനിക്ക് വേണ്ടതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. അതോടെ ഞാനത് ഉപേക്ഷിച്ചു. ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റാകാന്‍ ഞാന്‍ തീരുമാനിക്കുന്നത് അപ്പോഴാണ്. ആര്‍ക്കും എന്നെ മനസിലാകുന്നുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ക്കോ, അച്ഛനും അമ്മയ്ക്കുമോ ഒന്നും. അമ്മ കരുതിയത് ജുഹു ബീച്ചില്‍ പഴയ മെഷീനും മറ്റുമായി വന്ന് ചെറിയ തുകയ്ക്ക് ടാറ്റൂ ചെയ്തുകൊടുക്കുന്നവരില്‍ ഒരാളാകും ഞാനുമെന്നാണ്. ഞാനമ്മയ്ക്ക് ലോകത്തിലെ പ്രശസ്തരായ ടാറ്റൂ ആര്‍ട്ടിസ്റ്റുകളുടെ വീഡിയോ കാണിച്ചുകൊടുത്തു. എന്നിട്ടും അമ്മയ്ക്ക് സമാധാനമായില്ല.

ഞാന്‍ ടാറ്റൂ ചെയ്യാന്‍ പഠിച്ചപ്പോള്‍, ആദ്യത്തെ ടാറ്റൂ അച്ഛന് തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്‍റെ നിര്‍ബന്ധത്തിനൊടുവില്‍ അച്ഛന്‍ സമ്മതിച്ചു. OM എന്ന് അങ്ങനെ അച്ഛന് ടാറ്റൂ ചെയ്തു. അമ്മയ്ക്കപ്പോഴും ഇതൊന്നും അംഗീകരിക്കാനാകുന്നുണ്ടായിരുന്നില്ല. അങ്ങനെ അച്ഛന്‍റെയും അമ്മയുടേയും ഒരു വിവാഹവാര്‍ഷികത്തിന് ഞാന്‍ അവരുടെ രണ്ടുപേരുടെയും ചിത്രങള്‍ എന്‍റെ കയ്യില്‍ ടാറ്റൂ ചെയ്തു. അതവരെ അദ്ഭുതപ്പെടുത്തി. അമ്മയുടെ ദേഷ്യം അലിഞ്ഞില്ലാതായി. 

പിന്നീട്, അമ്മയ്ക്കും ഞാന്‍ ടാറ്റൂ ചെയ്തു. പുറത്ത് ഒരു സിംഹം. അതവരെ മനോഹരിയാക്കുന്നു. 

Follow Us:
Download App:
  • android
  • ios