Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റിന്‍റെ കഥ

ഉദ്ഘാടന വേദിയിൽ  അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സാംസ്കാരിക മന്ത്രി ടി.എം.ജേക്കബ് എന്നിവരെക്കൂടാതെയുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് സി.വി പത്മരാജനായിരുന്നു. എന്തിന് പത്മരാജൻ? വൈദ്യുതി മന്ത്രിയെ എങ്ങനെ ക്ഷണിക്കാതിരിക്കും. 

25 years of asianet
Author
Thiruvananthapuram, First Published Sep 2, 2018, 7:10 PM IST

മലയാളത്തിന്‍റെ ആദ്യ സ്വകാര്യ സ്വതന്ത്ര ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയിട്ട് 2018 ഓഗസ്റ്റ് 30ന് 25 വർഷം തികഞ്ഞു. തുടക്കകാലം മുതൽ, ഏഷ്യാനെറ്റ് വാർത്താവിഭാഗത്തിന് ഒപ്പമുണ്ടായിരുന്ന എസ്. ബിജു ഏഷ്യാനെറ്റിന്‍റെ തുടക്കം ഓർത്തെടുക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ്  എക്സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ.

വണ്ടി വാങ്ങിയാൽ, അതോടിച്ചു പോകാൻ ഉടമസ്ഥൻ തന്നെ വഴി വെട്ടേണ്ടി വന്നാലോ? 25 വർഷം മുമ്പ്, രാജ്യത്തെ തന്നെ ആദ്യ സർക്കാരിതര ചാനലുകളിലൊന്നായ ഏഷ്യാനെറ്റ്, പിറവിക്ക് മുമ്പ് ഏറെ പോറ്റുനോവ് അനുഭവിച്ച സ്ഥാപനമാണ്. ഭൂതല സംപ്രേഷണത്തിലൂടെ 1980 മുതൽ മലയാളികൾ ദൂരദർശൻ കണ്ടു തുടങ്ങിയിരുന്നു. അതിനാൽ ആ മാധ്യമം അവർക്ക് അന്യമായിരുന്നില്ല. ചാറ്റൽ മഴയോ, മന്ദമാരുതനോ, എന്തിന് ഒരു കാക്കകുഞ്ഞിന്‍റെ ഇരിപ്പിന് തന്നെയോ ദൂരദർശന്‍റെ  കാഴ്ചയെ മറയ്ക്കാനാകുമായിരുന്നു. കാരണം, അവരവരുടെ വീട്ടിലെ കൂരയിലോ, തെങ്ങിൻ മണ്ടയിലോ, വച്ചുപിടിപ്പിച്ചിരുന്ന നീളത്തിലും കുറുകെയുമുള്ള  ആന്‍റിനകളിലൂടെയാണ് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ പരിപാടികൾ മലയാളികൾ കണ്ടിരുന്നത്. ദൃശ്യഭാഷയും, വ്യാകരണവും ഒക്കെ അനുരൂപമായിരുന്നുവെങ്കിലും സർക്കാർ ചട്ടകൂടിനകത്ത് നിന്ന് പ്രവർത്തിക്കേണ്ടി വന്നതിനാൽ പരിമിതികൾ ഉണ്ടായിരുന്നു ദൂരദ‌ർശന്. ഏറെ വെല്ലുവിളികൾ നേരിട്ടാണ് 1993 ഓഗസ്റ്റ് 30ന് ഏഷ്യാനെറ്റ് പിറവിയെടുക്കുന്നത്. ഒപ്പം, ദൂരദർശനുണ്ടായിരുന്ന വിലക്കുകളും നിയന്ത്രണങ്ങളും, ഏഷ്യാനെറ്റിന് സാധ്യതയുമായിരുന്നു.

 

ഉപഗ്രഹ സംപ്രേഷണമായിരുന്നു ഏഷ്യാനെറ്റ് സ്വീകരിച്ചത്. അതിനാൽ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിക്കുക എളുപ്പമായിരുന്നില്ല. ഹെലിക്കൽ ആന്‍റിനകൾ ഉപയോഗിച്ച്  വീടുകളിൽ നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. പുതിയ ശാസ്ത്ര വിസ്മയമായ  ഹെലിക്കൽ ആന്‍റിനകൾ കേരളത്തിലോ ഇന്ത്യയിലോ ലഭ്യമായിരുന്നില്ല.  അതിനായി തൃശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പുമായി കരാറുണ്ടാക്കി. അവർ, വലിയ തോതിൽ ഹെലിക്കൽ ആന്‍റിനകളുണ്ടാക്കി. അപ്പോഴേക്കും ഏഷ്യാനെറ്റിന് തങ്ങളുടെ  ഉപഗ്രഹം മാറ്റേണ്ടി വന്നു. പുതിയ ഉപഗ്രഹത്തിന് പുതിയ സ്വീകരണ സംവിധാനമാണ് വേണ്ടിയിരുന്നത്. അതോടെ വെട്ടിലായത് എഴുത്തച്ഛൻ ഗ്രൂപ്പാണ്. അവർ കേസുമായി പോയി.

ആ ചാനൽ  പ്രതിനിധാനം ചെയ്യുന്ന അമരക്കാരുടെ ആശയമാകട്ടെ ഇടതുപക്ഷത്തോടൊപ്പവും

ഉപഗ്രഹം വഴിയുള്ള സിഗ്നലുകൾ നേരിട്ട് സ്വീകരിക്കാൻ വലിയ ഡിഷ് ആന്‍റിനകൾ തന്നെ വേണം. വളരെക്കുറച്ച് സമ്പന്നർക്കേ ഇത് സാധിക്കൂ. അങ്ങനെയാണ് 'കേബിൾ ശൃംഖല' എന്ന ആശയം വരുന്നത്. അന്ന്, കേരളത്തിൽ ഇന്നത്തെ പോലെ കേബിള്‍ ശൃംഖലയൊന്നുമുണ്ടായിരുന്നില്ല.  ഏഷ്യാനെറ്റ് എന്ന പുതിയ ചാനലിനെ വഹിക്കാൻ പുതിയൊരു പാത എന്ന ആശയം പ്രാവർത്തികമാക്കാനുള്ള വെല്ലുവിളി ചില്ലറയായിരുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം കേബിൾ ശൃംഖലയുണ്ടാക്കുക ചെറിയ വെല്ലുവിളിയൊന്നുമായിരുന്നില്ല. വ്യക്തമായ നിയമത്തിന്‍റെ പിൻബലമില്ലാതെ, വിദേശ രാജ്യത്ത് നിന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ. അത് ഇന്ത്യയിൽ കാണിക്കാമോയെന്ന നിയമത്തിൽ വ്യക്തതയൊന്നുമില്ല. ആ ചാനൽ  പ്രതിനിധാനം ചെയ്യുന്ന അമരക്കാരുടെ ആശയമാകട്ടെ ഇടതുപക്ഷത്തോടൊപ്പവും. പക്ഷെ, ഇതൊന്നും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ തടസ്സം സൃഷ്ടിക്കാൻ കാരണമാക്കിയില്ല.

ഒരുപക്ഷെ, ഏഷ്യാനെറ്റ് പ്രത്യയശാസ്ത്രപരമായി മറിച്ചൊരു നിലപാടെടുത്തിരുന്നെങ്കിലും, അന്നത്തെ പ്രതിപക്ഷമാണ് ഭരിച്ചിരുന്നതെങ്കിലും ആ അനുകൂല നിലപാട് സർക്കാറിൽ നിന്ന് ഉണ്ടാകുമോയെന്ന് സംശയമാണ്. തിരുവനന്തപുരത്ത് കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ മുഖ്യമന്ത്രി കെ.കരുണാകരൻ ചാനൽ സ്വിച്ച് ഓൺ ചെയ്തപ്പോൾ തെളിഞ്ഞ കണ്ണാടിയുടെ ആദ്യ ദളത്തിൽ കെ. കരുണാകരനെ വിമർശനബുദ്ധിയോടെ കാണുന്ന റിപ്പോർട്ടുമുണ്ടായിരുന്നു. കണ്ണാടിയുടെ ആദ്യ റിപ്പോർട്ടായിരുന്നുവെങ്കിലും ഞാൻ ഏഷ്യാനെറ്റ് ജീവനക്കാരനല്ലായിരുന്നു. അതിനാൽ ഉദ്ഘാടന ഹാളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാൽ, ആ റിപ്പോർട്ട് കണ്ടപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം മനസ്സിലാക്കാനായില്ല. ആഗോളവത്കരണത്തെ പ്രത്യയശാസ്ത്രപരമായി വിമർശിച്ച നിലപാട് സ്വീകരിച്ചിരുന്ന ഏഷ്യാനെറ്റ് എന്നാൽ, ആഗോളവത്കരണത്തിന്‍റെയും ഉദാരവത്കരണത്തിന്‍റെയും ഉപോൽപ്പന്നമായിരുന്നു എന്നത് തന്നെ വല്ലാത്ത വൈരുദ്ധ്യമായിരുന്നല്ലോ.

ഉദ്ഘാടന വേദിയിൽ  അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സാംസ്കാരിക മന്ത്രി ടി.എം.ജേക്കബ് എന്നിവരെക്കൂടാതെയുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് സി.വി പത്മരാജനായിരുന്നു. എന്തിന് പത്മരാജൻ? വൈദ്യുതി മന്ത്രിയെ എങ്ങനെ ക്ഷണിക്കാതിരിക്കും. ടെലിവിഷൻ തന്നെ വൈദ്യുതിയുടെ ഉപോൽപ്പന്നമാണല്ലോ. ഇവിടെ ചാനൽ മാത്രമല്ല, അതിനെ വീടുകളിലേക്ക് എത്തിക്കേണ്ട കേബിളും വൈദ്യുതി ബോർഡിനെ ആശ്രയിച്ചാണിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിൽ കൂടി ഏഷ്യാനെറ്റിന്‍റെ കേബിളുകൾ വലിക്കാൻ അന്നത്തെ സർക്കാർ അനുമതി നൽകിയതിനാലാണ് അത് കാര്യക്ഷമമായും ആദായകരമായും ചെയ്യാനായത്.

ചാനൽ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍റെ കീഴിലും, കേബിൾ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍റെ കീഴിലും രണ്ട് വ്യത്യസ്ത കമ്പനികളായിരുന്നു. കാര്യമായ മുടക്കുമുതൽ വേണ്ടിയിരുന്ന കേബിൾ കമ്പനി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ മുംബൈ ആസ്ഥാനമായ  മറ്റൊരു  മാനേജ്മെന്‍റിന്‍റെ കീഴിലായി. അടുത്ത സഹസ്രാബ്ദത്തിൽ ഏഷ്യാനെറ്റിൽ നിന്ന് അതിന്‍റെ വാർത്താ വിഭാഗവും പിരിഞ്ഞു. ഇതൊന്നും നാട്ടുകാർക്കിപ്പോഴും ബോധ്യമായിട്ടില്ല. 25 വർഷം മുമ്പും, ഇപ്പോൾ പോലും എന്‍റെ ലാൻഡ് ഫോണിൽ കേബിൾ തകരാ‌ർ പരിഹരിക്കാത്തതിന് എന്‍റെ അച്ഛനെ വിളിച്ച് ക്ഷോഭിക്കുന്നവരുണ്ട്. അംഗനവാടി മുതൽ രാജ്ഭവനിൽ നിന്ന് വരെ വിളിയെത്താറുണ്ട്. അതെന്തായാലും ഏഷ്യാനെറ്റ് ചാനലിന് സ്വാധീനമുറപ്പിക്കാൻ കേബിൾ കൂടെയുണ്ടായിരുന്നത് കാര്യമായി സഹായിച്ചു . 1998 മാർച്ച് 20ന്  ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ പൊതുദർശനവും, വിലാപയാത്രയും, സംസ്കാര ചടങ്ങുകളും ഏഷ്യാനെറ്റിന് തിരുവനന്തപുരം പട്ടണത്തിലെങ്കിലും തൽസമയം കാണിക്കാനായത് കേബിൾ കമ്പനിയുമായുള്ള ഈ നാഭീ-നാഡി ബന്ധത്താലായിരുന്നു.

ദൂരദർശൻ മാത്രം കാണാൻ അവസരമുണ്ടായിരുന്ന  കേരളീയർക്ക് ഇതെല്ലാം തുറന്നിട്ടത് കാഴ്ചയുടെ നവ്യാനുഭവവും വർത്തമാനത്തിന്‍റെ പുതിയ സീമകളുമായിരുന്നു. കേബിളുകളിൽ കൂടി ഒഴുകിയെത്തിയത് ഏഷ്യാനെറ്റ് മാത്രമായിരുന്നില്ല. വിദേശ സ്വദേശ ചാനലുകളുടെ ഒഴുക്ക് പ്രളയകാലത്തെ നദിയെന്ന പോലെ പെരുകിക്കൊണ്ടിരുന്നു. ഏഷ്യാനെറ്റിനപ്പുറം ശ്രേഷ്ഠമായ മറ്റ് പല ചാനലുകളും കാണാൻ കിട്ടിയ അവസരം മലയാളികളുടെ സംവേദനശീലങ്ങളെ തന്നെ മാറ്റിമറിച്ചു. ഏഷ്യാനെറ്റിൽ പരിപാടി തയ്യാറാക്കുന്ന ഞങ്ങൾക്കും ഇത് ഏറെ വെല്ലുവിളിയാണ് ഉയർത്തിയത്. ടെലിവിഷനെന്നാൽ അതുവരെ ദൂരദർശൻ മാത്രമായിരുന്നല്ലോ. ഞങ്ങൾ ഫീൽഡിൽ പോകുമ്പോൾ  സാധാരണക്കാർക്ക് ഞങ്ങളെ ദൂരദർശനിൽ നിന്ന് വേർതിരിച്ച് കാണാനായിരുന്നില്ല, പലപ്പോഴും ഞങ്ങൾക്ക് പോലും! 

പുതിയ കാഴ്ചകള്‍
ഏഷ്യാനെറ്റിൽ തുടക്കത്തിൽ വാർത്താ ബുള്ളറ്റിനുകളില്ലായിരുന്നു. പക്ഷേ, 'കണ്ണാടി'യടക്കം വാർത്താ പരിപാടികളും കനപ്പെട്ട ഡോക്യുമെന്‍ററികളും, കാമ്പുള്ള കലാ, കവിതാ, അന്വേഷണാത്മക പരിപാടികളുമായിരുന്നു അതിന്‍റെ മുതൽക്കൂട്ട്. അന്നൊന്നും സീരിയലുകൾ ചുവടുറപ്പിച്ചിട്ടില്ല. കണ്ണാടി തയ്യാറാക്കിയിരുന്നത് തിരുവനന്തപുരത്തെ നെറ്റ് വര്‍ക്ക് ടെലിവിഷനായിരുന്നു. തിരുവനന്തപുരം ദൂരദർശനിലെ കരാർ തൊഴിലാളികളായ ഞങ്ങളൊക്കെയായിരുന്നു അതിൽ പ്രവർത്തിച്ചിരുന്നത്. അന്നൊക്കെ ക്യാമറക്കും, റെക്കോഡിങ്ങ്, എഡിറ്റിങ്ങ് പണിക്കൊക്കെ നല്ല ചെലവായിരുന്നു. ഒരു പേരെഴുതി കാണിക്കാനുള്ള ഗ്രാഫിക്സിന് അമ്പതും നൂറും ചെലവാകുമായിരുന്നു. എഡിറ്റിങ്ങിലെ കട്ട് ഒഴിവാകാനുള്ള ഓരോ എഫക്ടിനും ഇതു പോലെ കണക്കെടുത്ത് കാശ് നൽകണമായിരുന്നു. അതിനാൽ കൃത്യമായ ആസൂത്രണത്തിൽ കഠിനമായ ഷെഡ്യൂളുകളിൽ പരമാവധി ഉത്പാദനക്ഷമത കൈവരിച്ചായിരുന്നു ഞങ്ങൾ പണിയെടുത്തിരുന്നത്.

അൽപ്പാഹാരവും, ജീർണ്ണവസ്ത്രങ്ങളും, ശ്വാനനിദ്രയുമൊക്കെ വിദ്യാർത്ഥികളുടെ പോലെ ദൗത്യസംഘങ്ങളുടെ   ലക്ഷണങ്ങളുമായിരുന്നു. പലപ്പോഴും മൂന്നാം കിട ലോഡ്ജുകളിലെ ഒരൊറ്റ മുറിയിലായിരുന്നു  യാത്രക്കിടയിൽ  ആറേഴു പേർ അൽപ്പം നേരം  അന്തിയുറങ്ങിയിരുന്നത്. ദൂരദർശനിൽ കാണിക്കാനായി സാക്ഷരതാ പരിപാടികളും, ഏഷ്യാനെറ്റിനു  വേണ്ടി കണ്ണാടിയും, കാസറ്റ് കടകളിൽ വാടകയ്ക്ക് നൽകാനായി  'ചിത്രമേള' എന്ന മലയാളത്തിലെ ആദ്യ വീഡിയോ മാഗസിനും ഒരുമിച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. പലപ്പോഴും, മറ്റ് പല പണികളും ഇതിനൊപ്പം കാണും. അങ്ങനെ സങ്കരകൃഷിയാണ് ഞങ്ങൾ നടത്തിയിരുന്നത്. ഇതിനിടയിൽ എങ്ങനെയൊക്കയോ ഉണ്ടായ  ദൃശ്യഭാഷയും വ്യാകരണവും ആയിരുന്നു. ഒന്നും മനപ്പൂർവമായിരുന്നില്ല, ക്ഷമിക്കണം.

 

മലയാളിയുടെ സ്വത്വബോധം വീണ്ടെടുക്കാൻ  പശ്ചിമഘട്ടങ്ങളൊക്കെ കടന്ന് മറ്റ് ദേശങ്ങളിലേക്ക് വ്യാപിച്ച ഏഷ്യാനെറ്റ് സിഗ്നലുകൾ സഹായിച്ചു കാണും. ഒരു ചെറിയ അനുഭവം പറയാം. എത്യോപയിൽ ഈദി അമീനെ അതിജീവിച്ച  ഒരു മലയാളി പിന്നീട് മന്ത്രിയായി. പന്തളത്തുകാരൻ ഒരു എമ്പോക്കി (അവിടത്തെ സ്ഥാനപ്പേരാണ്, തെറ്റിദ്ധരിക്കണ്ട) കുറുപ്പ്. അദ്ദേഹം അവിടത്തെ ഒരു പ്രൊവിൻസിലെ മന്ത്രിയായി. നാട്ടിലെത്തിയപ്പോൾ നാട്ടുകാർ നല്ല സ്വീകരണം നൽകി. കണ്ണാടിയിൽ ഞങ്ങളത് റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് അദ്ദേഹം മുൻകൈയെടുത്ത് എത്യോപ്യയിലും ആഫ്രിക്കയിലൊട്ടാകെ തന്നെയും  ഏഷ്യാനെറ്റ് പ്രദർശിപ്പിക്കാൻ മുൻകൈയെടുത്തു.

ഏഷ്യാനെറ്റ് വാർത്താ സംഘം ഈദ്ഗഡിയിലെത്തിയപ്പോൾ അവർ കേരളവുമായി ഇഴുകിചേർന്നിരുന്നു

മറ്റൊരിക്കൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ ഭോപ്പാലിന് നൂറ് കിലോമീറ്റർ മാറി ഈദ്ഗഡിയിലെ മലയാളി സങ്കേതത്തിൽ പോയി. ഒരുൾ നാടൻ ഗ്രാമത്തില്‍ വലിയൊരു മലയാളി സങ്കേതം. കരയോഗങ്ങളും, വ്യത്യസ്ത പള്ളിക്കൂടങ്ങളും, പരിപ്പ് വട വിൽക്കുന്ന ചായക്കടയും ഒക്കെയായി മലയാളിയുടെ സവിശേഷതകളെല്ലാം അവിടെ കാണാം. പ്രധാനമന്ത്രി നെഹ്റുവിന്‍റെ  കാലത്ത് അവിടെ ഒരു പ്രത്യേക പദ്ധതി പ്രകാരം പാർപ്പാക്കിയ അവർക്കും അടുത്ത തലമുറകൾക്കും വർത്തമാന കേരളവുമായി കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. പത്തിരുപത് വയസുള്ള മൂന്നാം തലമുറയാകട്ടെ കേരളം കണ്ടിട്ടു പോലുമില്ല. എല്ലാവരും പക്ഷെ മലയാളം പറയും. പറയുന്നത് അമ്പതുകളിലെ മലയാളമാണെന്ന് മാത്രം. ഒരൊന്നാന്തരം നരവംശ പ്രഹേളിക.

എന്തായാലും തങ്ങളുടെ പരിപാടി കാണാനായി അവർ ഏഷ്യാനെറ്റിനെ അവിടെയെത്തിച്ചു. അതവർക്ക് മലയാളക്കരയിലേക്കുള്ള ഇടനാഴിയായി. പിന്നീട് വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് വാർത്താ സംഘം ഈദ്ഗഡിയിലെത്തിയപ്പോൾ അവർ കേരളവുമായി ഇഴുകിചേർന്നിരുന്നു. പുതിയ തലമുറ കേരളം സന്ദർശിക്കുന്നതടക്കം വേരുകളിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു. ഇതുപോലെ, ലോകമാകെ ചിതറികിടന്ന മലയാളികളെ കഴിഞ്ഞ 25 വർഷമായി ഒന്നിപ്പിക്കാൻ ഏഷ്യാനെറ്റിന് ചെറുതല്ലാത്ത പങ്ക് വഹിക്കാനായി എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഈ മഹാപ്രളയക്കാലത്തും, ആഗോള മലയാളിയെ ഒരു കുടക്കീഴിലാക്കാൻ  മാധ്യമങ്ങളുടെ നിസ്സാരമല്ലാത്ത  സ്വാധീനം സഹായിച്ചിട്ടുണ്ടെങ്കിൽ 25 വ‌ർഷം മുമ്പ് തുടങ്ങിയ ആ ചെറിയ ചുവടുവയ്പ് സാർത്ഥകമായി.

Follow Us:
Download App:
  • android
  • ios