കനത്ത വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിട്ടും, തന്റെ പ്രിയപ്പെട്ട നായയെയും പൂച്ചയെയും ഉപേക്ഷിച്ച് പോകാൻ വിസമ്മതിച്ച സ്ത്രീയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. രക്ഷാപ്രവർത്തകരെത്തിയെങ്കിലും നായയെ കൊണ്ടുപോകാത്തതിനാല്‍ ദിവസങ്ങളോളം ഇവിടെ കഴിയുകയായിരുന്നു. 

കനത്ത വെള്ളപ്പൊക്കത്തിൽ തന്റെ വളർത്തുമൃ​ഗങ്ങളെ ഉപേക്ഷിച്ച് പോകാൻ തയ്യാറാകാതിരുന്ന സ്ത്രീക്ക് അഭിനന്ദനപ്രവാഹം. തായ്‍ലാൻഡിൽ നിന്നുള്ള ജാസ് എന്ന സ്ത്രീയെയാണ് അവിടുത്തെ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദിക്കുന്നത്. രക്ഷാപ്രവർത്തകർ എത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട നായയെയും പൂച്ചയേയും ഉപേക്ഷിച്ച് വരാൻ സാധിക്കില്ല എന്നാണത്രെ ജാസ് പറഞ്ഞത്. ശേഷം തന്റെ വീടിന്റെ റൂഫ്‍ടോപ്പിൽ തന്നെ അവർ നായയ്ക്കും പൂച്ചയ്ക്കും ഒപ്പം ഇരിക്കുകയായിരുന്നു. റിപ്പോർട്ട് അനുസരിച്ച്, നവംബർ 22 -നാണ് അവർ സോഷ്യൽ മീഡിയയിൽ സഹായത്തിനായി അഭ്യർത്ഥിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മേൽക്കൂരയിൽ കുടുങ്ങിയതായി അവർ പോസ്റ്റിൽ വെളിപ്പെടുത്തി.

തന്റെ പോസ്റ്റിൽ അവർ സഹായത്തിനായി അഭ്യർത്ഥിച്ചു, തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും പങ്കുവെച്ചു. ഒപ്പം തന്നെ വൈദ്യുതാഘാതം തടയുന്നതിനായി വൈദ്യുതി വിച്ഛേദിക്കാനും ഇവർ അധികാരികളോട് അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ, രക്ഷാപ്രവർത്തകർ അവളെ സഹായിക്കാൻ എത്തുകയും ചെയ്തിരുന്നു. പക്ഷേ, സുരക്ഷാ പ്രോട്ടോക്കോളുകൾ കാരണം അവർക്ക് നായയെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. നായയില്ലാതെ വരില്ല എന്നായിരുന്നു ജാസിന്റെ തീരുമാനം. അങ്ങനെ, ജലനിരപ്പ് ഉയർന്നിട്ടും അവൾ തന്റെ വളർത്തുമൃഗങ്ങളോടൊപ്പം വീടിന്റെ മുകളിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ര​ക്ഷാപ്രവർത്തകർ അവൾ‌ക്കുള്ള ഭക്ഷണം എത്തിച്ച് നൽകി. ദിവസങ്ങളോളം അവൾ നായയും പൂച്ചയുമായി വീടിന്റെ മുകളിൽ തന്നെ കഴിഞ്ഞു. 'മൃഗങ്ങളെ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഒരിക്കലും എന്നെ മനസ്സിലാകില്ല. നായ്ക്കൾക്കും പൂച്ചകൾക്കും ഒരു ജീവിതമുണ്ട്. നമ്മളാണ് അവരുടെ മുഴുവൻ ലോകവും' എന്നാണ് അവൾ‌ തന്റെ തീരുമാനത്തെക്കുറിച്ച് പിന്നീട് പറഞ്ഞത്. ജാസിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പിന്നീട് വൈറലായി മാറുകയായിരുന്നു. തന്നെപ്പോലെ തന്നെ തന്റെ വളർത്തുമൃ​ഗങ്ങളെയും കണ്ട ജാസിനെ സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ.