ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 26 വര്‍ഷങ്ങള്‍. രാജ്യത്തിന് തന്നെ ആഴത്തില്‍ മുറിവേറ്റിട്ടും അത്രതന്നെ വര്‍ഷങ്ങളായി. 

മൊഹമ്മദ് അസീം എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നു. 1992 ഡിസംബര്‍ 6, അസിമിനെ പോലെ നിരവധി പേര്‍ ജീവന്‍ രക്ഷിക്കാനായി സമീപത്തെ കൃഷിക്കളങ്ങളിലടക്കം ഒളിച്ച രാത്രി. 

അന്ന് അസിമിന് 20 വയസാണ്. ''കര്‍സേവകരുടെ ഒരു കൂട്ടം ഭ്രാന്ത് പിടിച്ചതുപോലെ തങ്ങളുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഞങ്ങള്‍ ഭയന്നിരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് നമുക്ക് അറിയുന്നില്ലായിരുന്നു.'' അസിം പറയുന്നു. 

46 വയസുള്ള അസിം ഇപ്പോഴും ഭയത്തോടെയാണ് അന്നത്തെ സംഭവങ്ങളെ കുറിച്ചോര്‍ക്കുന്നത്. ഇന്ന് അദ്ദേഹത്തിന് നാല് മക്കളുണ്ട്. സംഘ് പരിവാറും മറ്റ് രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് വീണ്ടും രാമക്ഷേത്രത്തെ കുറിച്ച് പറയുമ്പോള്‍ അസിമിനെ പോലെ അനേകങ്ങള്‍ക്ക് ഭയമാണ്. അതുവരെ അവിടെ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം ഒറ്റയടിക്ക് ഇല്ലാതാക്കിയ സംഭവമായിരുന്നു അത്. ഇപ്പോഴും 26 വര്‍ഷം മുമ്പ് നടന്ന ആ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് പലരും പുറത്ത് കടന്നിട്ടില്ല. 

''എല്ലാ വര്‍ഷവും ഈ സമയമാകുമ്പോള്‍ നമ്മള്‍ ആ വേദനകളോട് പൊരുതും. അന്ന് നടന്നതെല്ലാം മറക്കാന്‍ ശ്രമിക്കും. പക്ഷെ, അപ്പോഴും ഓര്‍മ്മകള്‍ വിടാതെ പിന്തുടരും. ആ സ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള ഓരോ ശബ്ദങ്ങളും നമ്മുടെ മുറിവുകളെ പിന്നെയും വേദനിപ്പിക്കുന്നു'' എന്നും അസിം പറയുന്നു. 

ആ ശപിക്കപ്പെട്ട രാത്രിയിലെ ഓരോ സംഭവങ്ങളും ഇപ്പോഴും തന്‍റെ കണ്‍മുന്നിലുണ്ടെന്ന് അസിം പറയുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ചോരയ്ക്ക് വേണ്ടി കൊതിച്ച ആ രാത്രിയില്‍ അടുത്തുള്ളൊരു ഹിന്ദു കുടുംബമാണ് തനിക്ക് അഭയം നല്‍കിയതെന്നും അസിം പറയുന്നു. 

''ഭ്രാന്ത് പിടിച്ചു വരുന്ന ജനക്കൂട്ടത്തെ ഭയന്ന് ഞങ്ങള്‍ ഓടി. അടുത്തുള്ള കൃഷിസ്ഥലങ്ങളിലും മറ്റും ഒളിച്ചിരുന്നു. ആ ജനക്കൂട്ടം തെരുവ് പിടിച്ചെടുക്കുകയായിരുന്നു. ആ രാത്രി മുഴുവന്‍ ഞങ്ങളാ പാടത്ത് ഇരുന്നു. വേദനയും തണുപ്പും നിറഞ്ഞൊരു രാത്രിയായിരുന്നു അത്. ആ രാത്രി ഞാനൊരിക്കലും മറക്കില്ല. അന്ന് രാത്രി ഞാന്‍ ഒരു വീടിന്‍റെ വാതിലില്‍ ചെന്നുമുട്ടി. അതൊരു താക്കൂര്‍ കുടുംബമായിരുന്നു. അവര്‍ക്ക് എന്നെ അറിയാമായിരുന്നു. കുറച്ച് ദിവസങ്ങള്‍ അവരെനിക്ക് അഭയം തന്നു.''

78 വയസായ മൊഹമ്മദ് മുസ്ലിം പറയുന്നു, ''അന്ന് തൊട്ട് ഞങ്ങള്‍ സുരക്ഷ ഇല്ലാത്തവരായി. പുറത്തുനിന്നുള്ള ജനങ്ങളോ, രാഷ്ട്രീയക്കാരോ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍ നമുക്ക് ഭയമാണ്.'' 

അസീമിനെയും, മുസ്ലീമിനെയും പോലെ അനേകങ്ങള്‍ പറയുന്നു, അന്നത്തെ സംഭവം ജനാധിപത്യത്തിന് തന്നെ തീരാ കളങ്കമാണെന്ന്. ഭ്രാന്ത് പിടിച്ച ഒരു ജനക്കൂട്ടം തെരുവ് പിടിച്ചെടുത്ത ആ രാത്രിയെ കുറിച്ച് അവര്‍ക്ക് അങ്ങനെയേ പറയാന്‍ കഴിയൂ. അന്നത്തെ ആ രാത്രിക്ക് ശേഷം താന്‍ ഒരുപാട് ഭയന്നിരുന്നുവെന്നും എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും മുസ്ലിം പറയുന്നു.

ന്യൂനപക്ഷത്തില്‍ പെട്ടവര്‍ മാത്രമല്ല അന്നത്തെ രാത്രിയെ ഭയക്കുന്നത്. വിജയ് സിങ് എന്ന നാല്‍പത്തിയെട്ടുകാരനായ ഡോക്ടര്‍ പറയുന്നു, ''മസ്ജിദ് തകര്‍ക്കപ്പെട്ട ആ രാത്രിയില്‍ താനും ആ നഗരത്തിലുണ്ടായിരുന്നു. അത് ഭയപ്പെടുത്തുന്നതായിരുന്നു. ഇനിയൊരു അയോധ്യാ ദുരന്തം കൂടി നമുക്ക് വേണ്ട.''

''സമാധാനപരമായ അന്തരീക്ഷം അവിടെ വേണം. പക്ഷെ, രാഷ്ട്രീയക്കാര്‍ അവരുടെ അജണ്ട നടപ്പിലാക്കുകയാണ്. 1992 -ല്‍ പുറത്ത് നിന്നുള്ള ഒരുപാട് പേര്‍ പള്ളി തകര്‍ക്കാനായി എത്തി. അത് ഒരു ദുരന്തത്തിന്‍റെ ദിവസമായിരുന്നു. ഇന്നും അത് അയോധ്യയെ ബാധിച്ചിരിക്കുന്നു'' എന്നും വിജയ് സിങ് പറയുന്നു. 

അസിമിനെ പോലെയും വിജയ് സിങിനെ പോലെയുമുള്ള അനേകങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും സ്നേഹത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത് എന്ന്. ആ ദുരന്തത്തിന് ശേഷവും അവര്‍ ആഗ്രഹിക്കുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അത് തകര്‍ക്കപ്പെടരുത് എന്നാണ്. 

ആക്ടിവിസ്റ്റ് ശബ്നം ഹാഷ്മി പറയുന്നു, ''അയോധ്യ, സാംസ്കാരികപരമായും, പരസ്പര സ്നേഹത്താലുമെല്ലാം നിലനിന്നിരുന്ന ഒരു സ്ഥലമാണ്. 1992 -ന് ശേഷം അത് ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. ഇന്നും ആ നഗരം അതിന് വില നല്‍കിക്കൊണ്ടിരിക്കുകയാണ്'' എന്ന്. 

1992 -ന് ശേഷം നിരവധി സാംസ്കാരിക പരിപാടികള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നു. സരയൂ നദിയുടെ തീരത്ത് പരിപാടികള്‍ സംഘടിപ്പിച്ചു. എല്ലാവരേയും ഒരുമിച്ചിരുത്താനും അവരില്‍ സംഭവിച്ചിരുന്ന മരവിപ്പ് മാറ്റാനും ഒരുപാട് കഷ്ടപ്പെട്ടു. ഇന്നും അത് പൂര്‍ണമായും മറികടക്കപ്പെട്ടിട്ടില്ല.

''ഓരോ വര്‍ഷവും ഡിസംബര്‍ ആറിന് ഓര്‍മ്മയില്‍ ആ ദിവസം കടന്നുവരും. രാഷ്ട്രീയക്കാര്‍ ആ മുറിവുണക്കാനാണ് സഹായിക്കേണ്ടത്. അല്ലാതെ അവരുടെ അജണ്ട നടപ്പിലാക്കാനായി അത് കൂടുതല്‍ ആഴത്തിലാക്കുകയല്ല'' എന്നും ഹാഷ്മി പറയുന്നു. 

 

(കടപ്പാട്: പിടിഐ)