Asianet News Malayalam

ആറ് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങി; ഇപ്പോള്‍ കിട്ടുന്നത് 20 ലക്ഷം

മൂന്നുമാസത്തിന് ശേഷം അയാള്‍ സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തി. മഹാരാഷ്ട്രയിലെ സംഗലി ജില്ലയിലായിരുന്നു അത്. കൃഷി ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്ലാനിങ്ങുകളോടും കൂടിയാണ് അനൂപ് തിരികെയെത്തിയത്. 

28 year old software engineer turned farmer anup patil
Author
Maharashtra, First Published Dec 5, 2018, 6:31 PM IST
  • Facebook
  • Twitter
  • Whatsapp

'നിങ്ങള്‍ക്ക് അതില്‍ നിന്നും പുറത്ത് കടക്കാനുള്ള ധൈര്യം മാത്രം മതി' പറയുന്നത് ഇരുപത്തിയെട്ടുകാരനായ അനൂപ് പാട്ടീല്‍. നേരത്തെ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു, ഇപ്പോള്‍ കൃഷിക്കാരനാണ്. 

രണ്ട് വര്‍ഷം മുമ്പ് വരെ അനൂപ് ഒരു ഐ ടി എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. നല്ലൊരു തുക ശമ്പളവും വാങ്ങുന്നുണ്ടായിരുന്നു. പക്ഷെ, അനൂപ് പറയുന്നത്, ആകെ അന്നുണ്ടായിരുന്നൊരു സാമാധാനം ആറ് ദിവസം ജോലി ചെയ്താല്‍ പിന്നൊരു അവധി കിട്ടുമല്ലോ എന്നത് മാത്രമാണെന്നാണ്. അങ്ങനെ മനസില്ലാമാനസോടെ നാല് വര്‍ഷത്തിലധികം അനൂപ് അവിടെ ജോലി ചെയ്തു. 

ഒടുവില്‍, അനൂപ് തന്‍റെ രാജിക്കത്ത് നല്‍കി. പൂനെയിലുള്ള തന്‍റെ ഫ്ലാറ്റിലേക്ക് തിരികെയെത്തി. അടുത്ത മൂന്നുമാസം താന്‍ ജോലി രാജിവെച്ച കാര്യം ആരോടും പറഞ്ഞില്ല. ആ സമയമെല്ലാം അയാള്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ സന്ദര്‍ശിച്ചു. കൃഷിയെ കുറിച്ച് കിട്ടാവുന്ന എല്ലാ വിവരങ്ങളും പല വഴിയേ അനൂപ് അന്വേഷിച്ചു കണ്ടെത്തി. മാര്‍ക്കറ്റ് റിസര്‍ച്ച് തന്നെ നടത്തി.

മൂന്നുമാസത്തിന് ശേഷം അയാള്‍ സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തി. മഹാരാഷ്ട്രയിലെ സംഗലി ജില്ലയിലായിരുന്നു അത്. കൃഷി ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്ലാനിങ്ങുകളോടും കൂടിയാണ് അനൂപ് തിരികെയെത്തിയത്. 

'എനിക്കൊരിക്കലും ഒരു ജോലിക്കാരനായിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ എന്‍റെ സീനിയേഴ്സിനെ കാണാറുണ്ട്. എംപ്ലോയറെ പോലെ ജോലി ചെയ്താലും എംപ്ലോയി തന്നെ ആയിരിക്കും' എന്ന് അനൂപ് പറയുന്നു. 

ഇന്ന്, അനൂപിന്‍റെ 12 ഏക്കര്‍ ഫാമില്‍ 10 മുതല്‍ 15 വരെ ജോലിക്കാരുണ്ട്. കാപ്സിക്കം, ചോളം, കരിമ്പ്, ചെണ്ടുമല്ലി തുടങ്ങിയവയാണ് അവിടെ കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 20-25 ലക്ഷം വരെ ലാഭം കിട്ടിയിരുന്നു. ഈ വര്‍ഷം അതിനേക്കാള്‍ കൂടുതല്‍ ലാഭം അനൂപ് പ്രതീക്ഷിക്കുന്നുണ്ട്. 

''എഞ്ചിനീയറായിരിക്കുമ്പോള്‍ എനിക്ക് വര്‍ഷം കിട്ടിയിരുന്നത് 6.5 ലക്ഷമാണ്. ഇപ്പോള്‍ അതിന്‍റെ ഇരട്ടി പണവും സംതൃപ്തിയും സമാധാനവും തനിക്ക് ലഭിക്കുന്നുണ്ടെ''ന്ന് അനൂപ് പറയുന്നു. 

2016 -ല്‍ കൃഷി തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പലരും പിന്തിരിപ്പിക്കാന്‍ നോക്കി. എഞ്ചിനീയര്‍ കാലത്തെ അടിപൊളി ജീവിതം പോലെയല്ല ഒരു കര്‍ഷകന്‍റെ ജീവിതമെന്നും അത് നയിക്കാന്‍ അനൂപിന് കഴിയില്ലെന്നും പലരും പറഞ്ഞു. പക്ഷെ, തനിക്കെന്താണോ ചെയ്യാനിഷ്ടം അതാണ് താന്‍ ചെയ്തത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ പറഞ്ഞതൊന്നും താന്‍ കാര്യമാക്കിയില്ലെന്നും അനൂപ് പറയുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് നേരത്തെ തന്നെ നടത്തിയത് അനൂപിനെ തുണച്ചു. 

അയാള്‍ പോളി ഹൌസ് നിര്‍മ്മിക്കാനായി സഹായധനത്തിന് വേണ്ടി അപേക്ഷിച്ചു. കാപ്സിക്കത്തിന്‍റെ 7000 തൈകള്‍ വാങ്ങി. അതില്‍ 1000 എണ്ണം നശിച്ചു. അയാള്‍ അത് മാറ്റി പുതിയ ആയിരമെണ്ണം വച്ചു. അത് ആ ഗ്രാമത്തിലെ കര്‍ഷകരാരും അതുവരെ ചെയ്യാത്തതായിരുന്നു. അതൊക്കെ ലാഭമുണ്ടാക്കാന്‍ അനൂപിനെ തുണച്ചു. 

നേരത്തെ തന്നെ, വാങ്ങുന്നവരോട് തൂക്കവും വിലയും പറഞ്ഞുറപ്പിച്ചിരുന്നു. അതുകൊണ്ട് ബാര്‍ഗെയിനിങ് ഒന്നും നടന്നില്ല. ഗുണത്തിലും അനൂപ് ഈ കണിശത പുലര്‍ത്തി. ഇതൊക്കെ അയാള്‍ക്ക് റെഗുലര്‍ കസ്റ്റമേഴ്സിനെ നല്‍കി. കാപ്സിക്കം ഏപ്രിലില്‍ വിറ്റുതീര്‍ന്നു. പൊളി ഹൌസും തയ്യാറായിരുന്നു. പിന്നീട് ചെടികള്‍ നടാനായിരുന്നു തീരുമാനം. ആദ്യത്തെ 20 ദിവസം 24 മണിക്കൂറും ചെടികള്‍ക്ക് വെളിച്ചം കിട്ടണമായിരുന്നു. അതിനാല്‍ പോളി ഹൌസില്‍ അവ വെച്ചു. എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിച്ചു. രാവും പകലും അനൂപ് അവിടെ ചെലവഴിച്ചു. പക്ഷെ, അത്തവണ പൂക്കള്‍ക്ക് ഡിമാന്‍ഡ് കുറവായിരുന്നു. അതിനാല്‍ കിട്ടുന്ന തുകയ്ക്ക് അവ വില്‍ക്കേണ്ടി വന്നു. നഷ്ടങ്ങളുമുണ്ടായി. 

പക്ഷെ, അതൊന്നും അനൂപിനെ തളര്‍ത്തിയില്ല. കൃഷി ഒട്ടും എളുപ്പമല്ലെന്നും, അതാകുമ്പോള്‍ ലാഭം മാത്രമല്ല നഷ്ടവുമുണ്ടാകുമെന്നും അയാള്‍ക്കറിയാമായിരുന്നു. അടുത്ത തവണ ജമന്തിപ്പൂക്കള്‍ നട്ടു. കിലോയ്ക്ക് 50 മുതല്‍ 60 വരെ വില കിട്ടി. പിന്നെയും ചോളവും കാപ്സിക്കവും കൃഷി ചെയ്തു. ഇന്‍റര്‍നെറ്റ് വഴി മീന്‍ വളര്‍ത്തുന്നതിനെ കുറിച്ച് പഠിച്ചു. മീനും വളര്‍ത്തി തുടങ്ങി. ബിരുദധാരിയായ ഭാര്യയും അനൂപിനെ കൃഷിയില്‍ സഹായിക്കുന്നു. 

''എല്ലാവരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. ഒരു ചെറിയ കര്‍ഷകന്‍ പോലും നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കും. പഠിക്കാനും അറിയാനുമുള്ള വിശപ്പുണ്ടായാല്‍ മതി. അതാണ് എന്നെ വിജയത്തിലെത്തിച്ചത്. ആരോടും ഒന്നും ചോദിക്കാന്‍ എനിക്ക് മടിയില്ല. കൃഷി ഒരുപാട് പുതിയ അറിവുകള്‍ കണ്ടെത്താവുന്ന മേഖലയാണ്. എനിക്ക് തോന്നുന്നത്, വിദ്യാഭ്യാസമുള്ള ഒരുപാട് പേര്‍ ഇത് ബിസിനസായി ചെയ്യണമെന്നാണ്. അത് വേറെ ഏതൊരു മേഖലയെക്കാളും നമ്മുടെ രാജ്യത്ത് ശോഭിക്കും'' എന്നും അനൂപ് പറഞ്ഞു നിര്‍ത്തുന്നു. 

Follow Us:
Download App:
  • android
  • ios