വായിക്കുക തിരികെ നല്‍കുക സൗജന്യമായി പ്രവര്‍ത്തിക്കുന്ന 66 ലൈബ്രറികള്‍

ചെന്നൈ: മെമ്പര്‍ഷിപ്പില്ല, മേല്‍നേട്ടത്തിന് ആളില്ല, ബുക്കുകള്‍ തിരികെ കൊടുക്കാന്‍ പ്രത്യേക തീയതിയില്ല. ഇങ്ങനെ ഒരു ലൈബ്രറി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഇങ്ങനെയുളള 60 ഓളം ലൈബ്രറികള്‍ തമിഴ്നാട്ടിലുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന ശക്തമായ ഈ ലൈബ്രറി സംവിധാനത്തിന് പിന്നിലുളളത് ചെന്നൈ സ്വദേശിയായ മഹേന്ദ്ര കുമാറെന്ന 69 കാരനാണ്.

പുസ്തകങ്ങളോടുളള പ്രണയമാണ് വ്യക്തി വികാസത്തിന് ഏറ്റവും അത്യന്താപേക്ഷിതം എന്ന് വിശ്വസിക്കുന്ന മഹേന്ദ്ര കുമാര്‍ 2015 ലാണ് ലൈബ്രറികള്‍ക്ക് തുടക്കമിടുന്നത്. സൗജന്യമായി വായിക്കുക, തിരികെ നല്‍കുക (റീഡ് ആന്‍ഡ് റിട്ടേണ്‍ ഫ്രീ (ആര്‍. എഫ്. എല്‍) എന്നതാണ് ലൈബ്രറിയുടെ പ്രവര്‍ത്തന രീതി. 2015 ല്‍ ചെന്നൈയിലെ തിരുമല്ലിവോയിലിലെ സിമന്‍റ് കടയില്‍ ഒരു മേശയുടെ മുകളില്‍ തുടങ്ങിയ ലൈബ്രറി ഒരുപാട് പേരെ ആകര്‍ഷിച്ചു. 

സിമന്‍റ് കടയില്‍ തുടങ്ങിയ ഈ ലൈബ്രറി മറ്റ് സ്ഥലങ്ങളില്‍ കൂടുതല്‍ ആര്‍.എഫ്.എല്‍ ലൈബ്രറികള്‍ തുടങ്ങാന്‍ മഹേന്ദ്ര കുമാറിന് ആവേശം നല്‍കി. ഇതിനായി അദ്ദേഹം ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലെ സാമൂഹ്യക്കൂട്ടയ്മകളുമായി ബന്ധപ്പെട്ടു. റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, സ്വകാര്യ ഒഫീസുകള്‍, വ്യാപാരക്കൂട്ടായ്മകള്‍ എന്നിങ്ങനെ ചെന്നൈയില്‍ മാത്രം നാല്‍പ്പത്തിയെട്ടോളം സാമൂഹ്യക്കൂട്ടായ്മകള്‍ ആര്‍.എഫ്.എല്‍. ലൈബ്രറിക്ക് സഹായവുമായി മുന്നോട്ട് വന്നു.

ഇപ്പോള്‍ ചെന്നൈ, നീലഗിരി ജില്ല, കോയമ്പത്തൂര്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലായി 66 ലൈബ്രറികള്‍ തുറക്കാന്‍ മഹേന്ദ്രയ്ക്കു കഴിഞ്ഞു. ഇന്ന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഫാക്ടറി തൊഴിലാളികള്‍, വിവിധ ആശ്രുപത്രികളിലായി എത്തുന്ന രോഗികള്‍ എന്നിവര്‍ ദിനംപ്രതി ആര്‍.എഫ്.എല്‍. ലൈബ്രറികളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തുന്നു. 2016 ല്‍ ആര്‍.എഫ്.എല്ലിന് വേണ്ടി മഹേന്ദ്ര ഒരു വെബ്സൈറ്റ് തുടങ്ങി.

സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള സ്റ്റുഡന്‍സ് കോര്‍ണര്‍ വിദ്യാര്‍ത്ഥി സമൂഹത്തെ കൂടുതലായി ലൈബ്രറിയുമായി കൂട്ടിയിണക്കുന്നു. ഇത്തരം കൂടുതല്‍ ലൈബ്രറികള്‍ തുടങ്ങി ശൃംഖല വിപുലീകരിക്കാനാണ് മഹേന്ദ്ര കുമാറിന്‍റെ പദ്ധതി. ഇതിനായി വിവിധ സമൂഹ്യകൂട്ടായ്മകളുമായി ചര്‍ച്ചകളിലാണ് ഇദ്ദേഹം.