'പ്രശസ്തനായ ഒരാള്‍ക്കൊപ്പം ഒരുദിവസം ചെലവഴിക്കാനായാല്‍ ആരുടെ കൂടെയായിരിക്കും ചെലവഴിക്കുക? എന്തുകൊണ്ടാണത്? എങ്ങനെയാവും ആ ദിവസം ചെലവഴിക്കുക' എന്നതായിരുന്നു ചോദ്യം. 

തിരുവനന്തപുരം: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായാല്‍ അത് ആരുടെ കൂടെയായിരിക്കും എന്ന ചോദ്യത്തിന് ഈ മിടുക്കന്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'വെള്ളപ്പൊക്കത്തില്‍ കേരളത്തെ രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരിക്കും അത്' എന്നാണ് ജോഷ്വാ എന്ന ഒമ്പതുവയസുകാരന്‍ നല്‍കിയ മറുപടി. 

ഓസ്ട്രേലിയയിലാണ് ജോഷ്വാ ജനിച്ചതും വളര്‍ന്നതും. പക്ഷെ, കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം അറിയുന്നുണ്ടായിരുന്നു ജോഷ്വാ. ഇംഗ്ലീഷിന്‍റെ ഹോം വര്‍ക്കില്‍ നല്‍കിയ ചോദ്യത്തിലാണ് ജോഷ്വാ ഈ ഉത്തരം നല്‍കിയിരിക്കുന്നത്. ജോഷ്വായുടെ അമ്മയുടെ സഹോദരന്‍ കോശിയാണ് ഉത്തരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

'പ്രശസ്തനായ ഒരാള്‍ക്കൊപ്പം ഒരുദിവസം ചെലവഴിക്കാനായാല്‍ ആരുടെ കൂടെയായിരിക്കും ചെലവഴിക്കുക? എന്തുകൊണ്ടാണത്? എങ്ങനെയാവും ആ ദിവസം ചെലവഴിക്കുക' എന്നതായിരുന്നു ചോദ്യം.

'ഇന്ത്യയില്‍, കേരളത്തില്‍ അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ മനുഷ്യരെ രക്ഷിച്ച പ്രശസ്തനായ ആ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനാണ് എന്‍റെ ആഗ്രഹം. സ്വന്തം ഭക്ഷണം പോലും അദ്ദേഹം മറ്റുള്ളവര്‍ക്ക് നല്‍കി. ഉപഹാരമായി നല്‍കിയ പണവും വേണ്ടെന്ന് പറഞ്ഞു. പകരം പ്രാര്‍ഥിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എങ്ങനെയാണ് അദ്ദേഹത്തെ പോലെ വിനയമുള്ള മനുഷ്യനാവുക എന്ന് പഠിക്കാന്‍ ആ ദിവസം മുഴുവന്‍ ചെലവഴിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്' എന്നായിരുന്നു ജോഷ്വായുടെ ഉത്തരം.