Asianet News MalayalamAsianet News Malayalam

പൗരത്വ വെല്ലുവിളി യുകെ -യിലും? 95 -കാരന്‍ അന്‍റോണിയോ പെട്ടെന്ന് രാജ്യത്തിന് അന്യനായത് എങ്ങനെ?

അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. "അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?" അദ്ദേഹം ചോദിക്കുന്നു. 
 

95 year old italian man was asked to prove it
Author
UK, First Published Feb 18, 2020, 3:50 PM IST

അന്റോണിയോ ഫിനെല്ലി കഴിഞ്ഞ 68 വർഷമായി യു കെയിൽ താമസിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് രാജ്യം പുനർനിർമിക്കാൻ സഹായിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അദ്ദേഹം 1952 -ൽ അവിടെയെത്തിയത്. അന്നുമുതൽ അദ്ദേഹം യുകെയിൽ താമസിക്കുന്നു. എന്നാൽ, ഇന്ന് ഈ 95 വയസ്സുള്ള ഇറ്റലിക്കാരൻ രാജ്യത്ത് അന്യനാണ്. 

വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഫോക്ക്സ്റ്റോൺ തുറമുഖത്ത് അദ്ദേഹം വന്നിറങ്ങിയപ്പോൾ ഒരാഴ്‍ചത്തെ മുൻകൂർ വേതനവും സാൻഡ്‌വിച്ചും നൽകിയാണ് അദ്ദേഹത്തെ രാജ്യം സ്വീകരിച്ചത്. എന്നാൽ, 70 വർഷത്തിനുശേഷം ഇപ്പോൾ അവിടെ ജീവിക്കുന്നു എന്ന് തെളിയിക്കാൻ 80 പേജ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ നൽകാൻ നിർബന്ധിതനായിരിക്കുകയാണ്. ഇത്രയും വർഷം ആ രാജ്യത്ത് കഴിഞ്ഞ അദ്ദേഹത്തിന് അവിടത്തെ താമസക്കാരനാണ് എന്ന് തെളിയിക്കാൻ  രേഖകൾ നൽകേണ്ടി വന്നതിന് ഒരു കാരണമുണ്ട്. 

2020 ജനുവരി 31 -ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ 11 മാസത്തെ പരിവർത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കയാണ്. ഇതിനെ 'ബ്രിട്ടീഷ് എക്സിറ്റ്' എന്നത് ചുരുക്കി ബ്രെക്‌സിറ്റ് എന്ന് വിളിക്കുന്നു. എന്നാൽ, ബ്രെക്‌സിറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് യു.കെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന യു.കെ പൗരന്മാരുടെയും അവകാശങ്ങൾ നിലനിർത്തുക എന്നത്. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അവർ അവിടെ കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ചിരുന്നു എന്നതിന് തെളിവുകൾ നൽകണം. നിലവിൽ ഏകദേശം 3.5 ദശലക്ഷം ആളുകളാണ് ഉള്ളത്. അതിലൊരാളാണ് അന്റോണിയോ. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം യുകെയിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ "അത് പൂർണ്ണമായും തെറ്റാണ്" എന്നാണ് അന്‍റോണിയോ പറയുന്നത്.  അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. "അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?" അദ്ദേഹം ചോദിക്കുന്നു. 

"എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു. ഇത്രയൊക്കെ രേഖകൾ ഉണ്ടായിട്ടും പിന്നെയും എന്തിനാണ് ഈ ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ നൽകാൻ എന്നോട് ആവശ്യപ്പെട്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം പറഞ്ഞു.

പ്രായമായവർക്കും രോഗികൾക്കും ഈ പുതിയ നിയമം ഉണ്ടാക്കുന്ന സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഉദാഹരണമാണ് അന്റോണിയോ. അവരിൽ പലരും തങ്ങളുടെ ജീവിതത്തിൻ്റെ ഈ അവസാന ഘട്ടത്തിൽ തെളിവുകൾ തേടി അലയേണ്ടി വരുന്നത് വളരെ കഷ്ടമാണ്. ഇറ്റാലിയൻ പൗരന്മാരുടെ ഉപദേശകേന്ദ്രമായ ഇങ്കാ സി‌ജി‌എല്ലിലെ സന്നദ്ധപ്രവർത്തകനായ ദിമിത്രി സ്കാർലറ്റോ പറഞ്ഞു, "എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തത് അദ്ദേഹം ഇവിടെ 70 വർഷമായി താമസിക്കുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ഇവിടെയുണ്ട്. 40 വർഷം ജോലി ചെയ്തു, പിന്നീട് 32 വർഷം പെൻഷൻ വാങ്ങി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഒരു നല്ല പൗരനുമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം ഇവിടെ താമസിക്കുന്നതിന് തെളിവ് വേണം എന്ന് ആവശ്യപ്പെടുന്നത് എന്ത് ന്യായമാണ്. അദ്ദേഹം ഈ വർഷങ്ങളിലെല്ലാം ഇവിടെയുണ്ട്. പക്ഷേ, അദ്ദേഹം ഇവിടെ താമസമില്ല എന്ന രീതിയിലാണ് സർക്കാർ പെരുമാറുന്നത്. എന്തുകൊണ്ടാണിത്?” സ്കാർലറ്റോ ചോദിക്കുന്നു.

രേഖകൾ ഡിജിറ്റൈസ് ചെയ്യാത്തതിനാലാണ് ഇത്തരം കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നാണ് സ്കാർലറ്റോ പറയുന്നത്. രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ ഇത് ആഭ്യന്തര കാര്യാലയത്തിൽ ഉന്നയിക്കാൻ ശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. ധാരാളം വൃദ്ധർ അവരുടെ രേഖകൾ കണ്ടെത്താൻ കഴിയാത്തെ ആശങ്കയിലാണ്, ”സ്കാർലറ്റോ പറഞ്ഞു. റെക്കോർഡുകൾ കണ്ടെത്താൻ കഴിയാത്ത നൂറിലധികം അപേക്ഷകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. “ഞാൻ അഞ്ഞൂറോളം ആപ്ലിക്കേഷനുകൾ പരിശോധിച്ചു. അതിൽ പകുതിയും പ്രായമായവരുടേതാണ്. ഇവരിൽ പകുതിപ്പേരും ഇവിടെ താമസമില്ല എന്നാണ് സിസ്റ്റം കണ്ടെത്തിയത്.  പെൻഷനുകൾ വാങ്ങുന്നുണ്ടെങ്കിലും, 1950, 1960 കാലം മുതൽ ഇവിടെ താമസം ഉണ്ടെങ്കിലും അവരുടെ അവകാശം തെളിയിക്കാൻ രേഖകൾ  ആവശ്യപ്പെടുകയാണ്."  എന്നാൽ ഒരു ബില്ലിലും പേരില്ലാത്ത താമസത്തിന് മറ്റ് രേഖകൾ നൽകാനില്ലാത്ത 80 -കളിലും 90 -കളിലും കടന്ന അനവധി പേരുണ്ട്. അവർ സ്വന്തം അവകാശം തെളിയിക്കാൻ എന്ത് ചെയ്യുമെന്നത് ഒരു വലിയ ആശങ്കയായി നിലനിൽക്കുന്നു.

Follow Us:
Download App:
  • android
  • ios