പതിമൂന്നുകാരിയായ നേത്രയെ സംബന്ധിച്ചിടത്തോളം, പണമെന്നത് ആവശ്യമുള്ളപ്പോൾ ചെലവാക്കാനുള്ളതാണ്. ആവശ്യക്കാർക്ക് ഉപകരിച്ചില്ലെങ്കിൽ അതിന് പിന്നെ എന്താണ് വിലയെന്ന് ആ മിടുക്കി ചോദിക്കുന്നു. അവളുടെ ഈ വിശ്വാസമാണ് ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെടുന്ന നിസ്സഹായരായ കുടിയേറ്റത്തൊഴിലാളികൾക്കായി എന്തെങ്കിലും ചെയ്യാൻ അവളെ പ്രേരിപ്പിച്ചത്. ഇതിനായി അച്ഛന്റെ സമ്പാദ്യത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ അവർക്കായി നൽകാൻ അച്ഛനോട് അവൾ ആവശ്യപ്പെട്ടു. മധുരയിൽ സലൂൺ നടത്തുന്ന അവളുടെ പിതാവ് ഒട്ടും മടി കാണിക്കാതെ അതിന് സമ്മതിക്കുകയും ചെയ്‍തു. അവൾക്ക് ഉപരിപഠനത്തിനായി കരുതിവച്ചിരുന്ന തുകയായിരുന്നു അത്. ഭാവിയിൽ ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥയാകാനാണ് നേത്ര ആഗ്രഹിക്കുന്നത്. എല്ലാവരും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അധികമുള്ള തുക പാവങ്ങൾക്ക് നൽകുമ്പോൾ, ഇവർ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‍നം മാറ്റിവെച്ചാണ് ഇതിന് മുതിർന്നത്.   

ലോക്ക്ഡൗണിനിടയിൽ ദുരിതത്തിലായ ആളുകളെ സഹായിക്കാനായി തന്റെ സമ്പാദ്യം ചെലവഴിച്ചതിന് പെൺകുട്ടിയുടെ പിതാവ് സി. മോഹനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ പ്രശംസിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ അസോസിയേഷൻ ഫോർ ഡവലപ്മെന്റ് ആൻഡ് പീസ് ഈ 13 വയസുകാരിയെ 'ദരിദ്രർക്കായുള്ള ഗുഡ്‌വിൽ അംബാസഡറായി (ജിഡബ്ല്യുഎ)' നിയമിക്കുകയും ചെയ്‍തു. ഈ അന്താരാഷ്ട അംഗീകാരം അവള്‍ക്ക് ന്യൂയോർക്കിലെയും ജനീവയിലെയും യുഎൻ കോൺഫറൻസുകളിൽ ലോകത്തെ അഭിസംബോധന ചെയ്യാൻ അവസരമൊരുക്കും. ലോകനേതാക്കൾ, അക്കാദമിക്, രാഷ്ട്രീയക്കാർ, സിവിലിയന്മാർ എന്നിവരുമായി സംസാരിക്കാനും അവരുടെ ശ്രദ്ധ ദരിദ്രരിൽ ഏറ്റവും ദരിദ്രരിലേക്ക് എത്തിച്ചേരാൻ പ്രോത്സാഹിപ്പിക്കാനും ഈ സ്ഥാനം അവസരമൊരുക്കുന്നു. ഇത് കൂടാതെ, നേത്രക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഏജൻസിയുടെ ഡിക്സൺ സ്കോളർഷിപ്പും ലഭിച്ചു. 

"തുടക്കത്തിൽ ഇത് ഇത്ര വലിയ ഒരംഗീകാരമാണെന്ന് എനിക്കറിയില്ലായിരുന്നു. പാവങ്ങളെ തങ്ങളെക്കൊണ്ടാകും വിധം സഹായിക്കുക എന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളൂ. എന്നാൽ, ഈ അംഗീകാരം ജനങ്ങളെ കൂടുതൽ സഹായിക്കാൻ എനിക്ക് പ്രചോദനമേകുന്നു" നേത്ര പറഞ്ഞു. യുഎൻ ഫോറത്തിൽ 'ദാരിദ്ര്യ നിർമാർജനം' എന്ന വിഷയത്തിൽ ലോകത്തെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് അവൾ പറഞ്ഞു. 2013 -ൽ ഒരുകൂട്ടം ആളുകൾ അച്ഛന്റെ പണം മോഷ്ടിച്ചുവെന്നും, വെള്ളം വാങ്ങാൻ പോലും പണമില്ലാതെ ഒരുപാട് കഷ്ടപ്പെട്ടെന്നും നേത്ര പറഞ്ഞു. അതിനുശേഷം എല്ലാം ഒന്ന് മുതൽ വീണ്ടും തുടങ്ങുകയായിരുന്നു. കുറേ വർഷം എടുത്തു ജീവിതം ഒന്ന് മെച്ചപ്പെടാൻ. അവളുടെ ഉന്നത പഠനത്തിനായി അഞ്ച് ലക്ഷം രൂപ സമ്പാദിക്കാൻ അദ്ദേഹത്തിന് ഏഴു വർഷമെടുത്തു. എന്നാൽ, ആ ഏഴു വർഷത്തെ സമ്പാദ്യവും, അധ്വാനവും, സ്വപ്‍നവുമാണ് അദ്ദേഹം ഇപ്പോൾ പാവങ്ങൾക്കായി ഉപേക്ഷിച്ചത്.