Asianet News MalayalamAsianet News Malayalam

വലിയ വക്കീല്‍ ഫീസ് വേണ്ട, പരസ്‍പരം പഴിചാരലോ പൊട്ടിത്തെറിയോ ഇല്ല, വിവാഹമോചനം എളുപ്പമാക്കാന്‍ കമ്പനി

വിവാഹമോചനത്തിനുള്ള കരട് തയ്യാറാക്കുകയും, ദമ്പതികളെ സഹായിക്കുകയുമാണ് കമ്പനിയുടെ പ്രധാന ഉദ്ദേശങ്ങൾ. വിവാഹമോചനം ലഭിക്കാനായി ദമ്പതികളെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒരു കുടുംബ നിയമ ജഡ്ജിയുടെ അടുത്തേക്ക് കേറ്റ് കൊണ്ടുപോകുന്നു.

A company helps people to get divorced without lawyers
Author
London, First Published Mar 3, 2020, 11:29 AM IST

വിവാഹമോചനം വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. അതുണ്ടാക്കുന്ന മാനസികവും, സാമ്പത്തികവുമായ ആഘാതവും വളരെ വലുത് തന്നെ. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ അത് ചെലവേറിയ ഒരേർപ്പാടാണ്. അഭിഭാഷകരുടെ ഫീസും മറ്റ് ചിലവുകളും പലർക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നാൽ വിവാഹം മോചനം നേടാൻ ആഗ്രഹിക്കുന്ന, അതിന്റെ സങ്കീർണതകളിലേയ്ക്ക് പോകാൻ താല്പര്യമില്ലാത്ത ദമ്പതികളെ സഹായിക്കാൻ സുഹൃത്തുക്കളായ കേറ്റ് ഡാലിയും, പിപ്പ് വിൽ‌സണ്ണും ചേർന്ന് അമിക്കബിൾ എന്ന ഒരു കമ്പനി തുടങ്ങുകയുണ്ടായി. ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച അത് ഇന്ന് ഒരുപാട് നിക്ഷേപകരുള്ള ഒരു വലിയ കമ്പനിയാണ്. ഇത്തരം ഒരാശയം പെട്ടെന്നു തോന്നിയ ഒന്നല്ല. കേറ്റ് ഡാലിയുടെ സ്വന്തം അനുഭവങ്ങളാണ് ഇത്തരമൊരു വിപ്ലവകരമായ ഒരു ഉദ്യമത്തിന് തുടക്കമിടാൻ അവരെ പ്രാപ്തയാക്കിയത്. 

കേറ്റും, മുൻ ഭർത്താവും വേർപിരിഞ്ഞപ്പോൾ, വിവാഹമോചനത്തിനായി ഇരുവരും അഭിഭാഷകരെ നിയമിക്കുകയുണ്ടായി. എന്നാൽ, അത് വളരെ ചെലവേറിയതായിരുന്നു. വേർപിരിയുന്നതിന്റെ മാനസിക സമ്മർദത്തിന് പുറമെ അതിന് വേണ്ടിവന്ന സാമ്പത്തിക ബാധ്യതയും അവരെ വല്ലാതെ വിഷമിപ്പിച്ചു. താൻ അനുഭവിച്ച ദുരിതങ്ങൾ ഇനി ആരും അനുഭവിക്കരുത് എന്നവർ ആഗ്രഹിച്ചു. തന്നെപ്പോലെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാവാൻ കേറ്റ് തീരുമാനിച്ചു. അങ്ങനെ 2012 -ൽ അവർ വിവാഹമോചന പരിശീലകയായി മാറി.

ദമ്പതികളും അഭിഭാഷകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും, അവർ തമ്മിലുള്ള അന്തരം കുറക്കാനുമാണ് കേറ്റ് ആദ്യം ശ്രമിച്ചത്. തന്റെ സുഹൃത്ത് പിപ്പ് വിൽ‌സണുമായി ഈ കാര്യം സംസാരിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. അഭിഭാഷകരുടെ ഇടപെടൽ കൂടാതെ തന്നെ ദമ്പതികൾക്ക് വിവാഹമോചനത്തിന് അവസരം ഉണ്ടെന്നായിരുന്നു അത്. ഇതിനായി 2015 -ൽ അമിക്കബിൾ എന്ന കമ്പനിയ്ക്ക് അവർ ജീവൻ നൽകി. 

വിവാഹമോചനത്തിനുള്ള കരട് തയ്യാറാക്കുകയും, ദമ്പതികളെ സഹായിക്കുകയുമാണ് കമ്പനിയുടെ പ്രധാന ഉദ്ദേശങ്ങൾ. വിവാഹമോചനം ലഭിക്കാനായി ദമ്പതികളെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒരു കുടുംബ നിയമ ജഡ്ജിയുടെ അടുത്തേക്ക് കേറ്റ് കൊണ്ടുപോകുന്നു.  ഇതുവരെ രണ്ടായിരത്തിലധികം ദമ്പതികളുടെ വിവാഹമോചനത്തിന് അമിക്കബിൾ സഹായിച്ചിട്ടുണ്ട്. പരമ്പരാഗത അഭിഭാഷകരീതി പിന്തുടരുന്നതിന് പകരം ഇത് ചിലവ് കുറഞ്ഞതും, വേഗതയേറിയതുമാണെന്ന് കേറ്റ് അവകാശപ്പെട്ടു. ദമ്പതികൾക്ക് 300 ഡോളർ താഴെ മാത്രമാണ് ഫീസെന്നും, ലളിതമായ വിവാഹമോചനത്തിന് വെറും നാല് മാസം മാത്രം മതിയെന്നും അവർ പറഞ്ഞു. 

"വിവാഹമോചനം വളരെ ദുഃഖകരമായ ഒന്നാണ്, പക്ഷേ അത് ഒരു മോശം കാര്യമല്ല," പിപ്പ് പറയുന്നു. വിവാഹമോചന വിപണിയെ തകർക്കാൻ അമിക്കബിളിന് കഴിയുമോയെന്ന് ഭയന്ന, കുടുംബ നിയമ അഭിഭാഷകർ അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു. പലരും അതിനെ എതിർക്കുമ്പോഴും, ജനുവരിയിൽ ഒരു ഹൈക്കോടതി ജഡ്ജി അമിക്കബിളിന് അനുകൂലമായി വിധി പ്രസ്താവിക്കുകയുണ്ടായി. ജസ്റ്റിസ് മോസ്റ്റിൻ പറഞ്ഞു: “അമിക്കബിളിന്റെ സംരംഭം ആളുകൾക്ക് നീതിലഭിക്കാൻ സഹിക്കുന്ന എളുപ്പമുള്ള ഒരു രീതിയാണ് എന്നതിൽ സംശയമില്ല.”

വിവാഹമോചനത്തിനായി ഇരുപാർട്ടികളുമായും അമിക്കബിൾ ഒരുപോലെ പ്രവർത്തിക്കുന്നത് മൂലം ഒരാളുടെ താല്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നില്ലെന്നും, ഇത് വളരെ സംതൃപ്തി നൽകുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നിയമപരമായ പരിതസ്ഥിയെ എന്നെന്നേക്കുമായി മാറ്റുമെന്ന് വിധിന്യായം കേട്ട കേറ്റ് പറഞ്ഞു. അടുത്തകാലത്തായി, ലണ്ടൻ ആസ്ഥാനമായുള്ള അമിക്കബിൾ അതിന്റെ വിപുലീകരണത്തിനായി ഒരു മില്യൺ ഡോളർ നിക്ഷേപം നടത്തുകയുണ്ടായി. ഇപ്പോഴത്തെ വാർഷിക വിറ്റുവരവ് ഏകദേശം 600,000 ഡോളറാണ്, അതിൽ 15 ജീവനക്കാരുണ്ട്. "ഞങ്ങൾക്ക് ഇപ്പോൾ ഒരുപാട് കക്ഷികൾ ഉണ്ട്" പിപ്പ് പറയുന്നു.  

കഴിഞ്ഞ അഞ്ചുവർഷമായി കമ്പനി അതിന്റെ ഉയർച്ചയുടെ പടവുകൾ കയറുമ്പോളും, ആളുകളിൽ നിന്ന് തങ്ങൾക്ക് ചില കളങ്കങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേറ്റ് പറയുന്നു. “വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു ബിസിനസ്സിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ തുടക്കത്തിൽ തന്നെ“ ഇല്ല ”എന്ന് പറഞ്ഞ ചില ആളുകളുണ്ട്,” അവർ പറയുന്നു. എന്നാൽ "ആളുകൾക്ക് വിവാഹമോചനം എളുപ്പമാക്കുന്നതിനെക്കുറിച്ചല്ല ഞങ്ങൾ പറയുന്നത്. പകരം, ഞങ്ങൾ അതിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, "എന്ന് കേറ്റ് തറപ്പിച്ചുപറയുന്നു. 

എന്നാൽ, എക്സ്റ്റൻഷൻ സർവകലാശാലയിലെ നിയമ പ്രൊഫസർ റിച്ചാർഡ് മൂർഹെഡ് അമിക്കബിളിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്, ''അമിക്കബിൾ ശരിക്കും വ്യത്യസ്തമാണ്. അവർ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ശരിക്കും ഇഷ്‌ടപ്പെടുന്നു. സേവനത്തിന്റെ കാര്യത്തിൽ കക്ഷികൾ ആഗ്രഹിക്കുന്ന മൃദുവായ സമീപനം കൈക്കൊള്ളുന്നതിലും, കൂടാതെ കക്ഷികൾക്ക് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുന്നതിലും കമ്പനിക്ക് നല്ല ധാരണയുണ്ട്" അദ്ദേഹം പറയുന്നു. എന്നിരുന്നാലും, കക്ഷികൾക്കിടയിൽ പലപ്പോഴും അവിശ്വാസം നിലനിൽക്കുന്നതകൊണ്ട് തന്നെ വിവാഹമോചനം നേടുന്ന പല ദമ്പതിമാർക്കും അമിക്കബിൾ അനുയോജ്യമല്ലെന്ന് പ്രൊഫ. മൂർഹെഡ് കൂട്ടിച്ചേർക്കുന്നു.  

13 വർഷങ്ങൾക്ക് മുമ്പ് കേറ്റും പിപ്പും ആദ്യമായി സുഹൃത്തുക്കളായ സമയത്ത്, ഇരുവരും ഗർഭിണികളായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഒരു ദേശീയ പ്രസവ ട്രസ്റ്റ് ക്ലാസ്സിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കേറ്റ് ഒരു കോർപ്പറേറ്റ് കൗൺസിലറായിരുന്നപ്പോൾ, പിപ്പ് ഒരു സാങ്കേതിക സംരംഭകയായിരുന്നു.  ഇപ്പോൾ അവരുടെ 40 -കളുടെ മധ്യത്തിൽ, അവർ പറയുന്നു, ഞങ്ങളുടെ കമ്പനിയിൽ ഞങ്ങൾ സമപ്രായക്കാരെ നിയമിക്കാൻ ശ്രമിക്കുന്നു. ശരാശരി 35 നും 50 നും ഇടയിൽ പ്രായമുള്ള കക്ഷികൾക്ക് അതേ പ്രായത്തിലാണ് അവരുടെ സ്റ്റാഫുകളുമായി ഇടപെടുമ്പോൾ കാര്യങ്ങള്‍ കൂടുതൽ എളുപ്പമാകുന്നു. "പരസ്പരം വിഴുപ്പലക്കാനുള്ള ഒരു വേദിയായി കോടതി മുറികൾ മാറിയിരുന്ന പണ്ടത്തെ കാലം എല്ലാം പോയി. ഇപ്പോൾ ആളുകൾ സാമ്പത്തിക ഭാരവും, വൈകാരിക പോരാട്ടവും ഏറ്റെടുക്കാൻ തയ്യാറല്ല. കൂടുതൽ ഫലപ്രദമായ, എളുപ്പമുള്ള ഒരു മാർഗ്ഗമാണ് അവർക്ക് ഇന്ന് വേണ്ടത്" കേറ്റ് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios