ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന 84 -കാരനായ കർഷകൻ കഴിഞ്ഞ എട്ട് വർഷമായി സ്വന്തം മകളെ അപ്പാർട്ട്മെന്റിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. എന്തിനെന്നോ? പ്രായമായ അദ്ദേഹത്തെ മകൾ നോക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ടുതന്നെ ഒരു റിട്ടയർമെന്റ് ഹോമിലേക്ക് മാറാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ, ഒരുപാട് കാലത്തെ നിയമയുദ്ധത്തിന് ശേഷവും അദ്ദേഹത്തിന് മകളെ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സാധിക്കുന്നില്ല. ഇതിന് വേണ്ടി അദ്ദേഹം ഒരുപാട് പണവും സമയവും ചിലവഴിച്ചു. എന്നാൽ, പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും, ഒരു രക്ഷയുമില്ല.  

ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ താമസിക്കുന്ന പീറ്റർ ഗ്രണ്ടി തന്റെ അപ്പാർട്ട്മെന്റ് വിൽക്കാൻ ശ്രമിക്കുകയാണ്. അത് വിറ്റ് കിട്ടുന്ന തുകകൊണ്ട് അയാൾക്ക് റിട്ടയർമെന്റ് ഹോമിലേക്ക് മാറാം. പെൻഷനില്ലാത്ത അദ്ദേഹത്തിന്, മറ്റ് വരുമാന സ്രോതസ്സുകൾ ഒന്നും ഇല്ല. റിട്ടയർമെന്റ് ഹോമിൽ ഒരു മുറി വാങ്ങാൻ മുൻ‌കൂറായി പണം നൽകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മുൻപിൽ അപ്പാർട്ട്മെന്റ് വിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ല. എന്നാൽ, കഴിഞ്ഞ എട്ട് വർഷമായി പീറ്റർ അത് ചെയ്യാൻ ശ്രമിക്കുകയാണ്. 49 വയസ്സുള്ള മകൾ കത്രീന മാത്രമാണ് അതിന് തടസ്സം നിൽക്കുന്നത്. മകൾക്കെതിരെ കോടതിയിൽ കേസ് നൽകുന്നതുൾപ്പെടെ, അയാളുടെ സ്വത്തിൽ അവൾക്ക്  യാതൊരു അവകാശവുമില്ലെന്ന് സ്ഥാപിക്കാൻ അദ്ദേഹം കുറെ ശ്രമങ്ങൾ നടത്തി. എന്നാൽ അവയെലാം പരാജയപ്പെട്ടു. കത്രീന അവിടെ നിന്ന് ഇറങ്ങിയില്ല.

''അവരെ ഒഴിപ്പിക്കാൻ ഇനി പരീക്ഷിക്കാൻ മറ്റ് നിയമസംവിധാനങ്ങളൊന്നുമില്ല. അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്‍തു. എന്നിട്ടും അവൾ വീടുവിട്ടിറങ്ങിയില്ല. മാത്രമല്ല അവൾ അവിടെ താമസിക്കുന്ന ഓരോ ദിവസവും അദ്ദേഹത്തിന് അനീതിയുടെ നാളുകളാണ്” പ്രോപ്പർട്ടി അഭിഭാഷകൻ ജെയിംസ് ന്യൂറൻസ് 9 ന്യൂസിനോട് പറഞ്ഞു.

എട്ട് വർഷം മുമ്പ് മാതാപിതാക്കൾ തനിക്ക് മെൽബൺ അപ്പാർട്ട്മെന്റ് സമ്മാനിച്ചുവെന്ന് കത്രീന പറയുന്നു. എന്നാൽ, ജഡ്‍ജി ഈ അവകാശവാദം നേരത്തെ തന്നെ നിരസിച്ചു. എങ്കിലും, മകൾ ആ സ്വത്തിനെ സംബന്ധിച്ച് കോടതിയിൽ ഒരു അപേക്ഷ നൽകി. അതുപ്രകാരം, മകളുടെ ഭാഗം കേട്ടതിന് ശേഷം മാത്രമേ കോടതി എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളൂ. ഈ കാലയളവിൽ ആ സ്വത്ത് വിൽക്കാനോ വാങ്ങാനോ ആർക്കും കഴിയുകയുമില്ല. ഇതോടെ അച്ഛന്റെ അവസാന പ്രതീക്ഷയും അസ്‍തമിച്ചു.  

"ഇത്രയും നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ബുദ്ധിമതിയായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല” കത്രീനയെ കുറിച്ച് വക്കീൽ പീറ്റർ ഗ്രണ്ടി പറഞ്ഞു. മകളെ കുടിയൊഴിപ്പിക്കാൻ ഇതുവരെ 70,000 ഡോളർ ചെലവഴിച്ചതായി 84 -കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ തനിക്കുണ്ടായ വാടക നഷ്ടത്തെ കുറിച്ച് ഇനി എടുത്ത് പറയേണ്ടതിലല്ലോ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീട് സാങ്കേതികമായി അദ്ദേഹത്തിന്റെ പേരിൽ തന്നെയായതിനാൽ, അതിന്റെ കോർപ്പറേറ്റ് ഫീസുകളും നികുതികളും അദ്ദേഹം തന്നെയാണ് അടക്കുന്നത്. അച്ഛനെ നോക്കാൻ പോയിട്ട്, സ്വസ്ഥമായി ജീവിക്കാൻ പോലും അനുവദിക്കാത്ത മകൾ ഇനി എന്ത് സംഭവിച്ചാലും അവിടെ നിന്നിറങ്ങില്ല എന്ന വാശിയിലാണ്. 

മാതാപിതാക്കളെ നോക്കാൻ മടിച്ച് അവരെ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കുന്ന മക്കളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സ്വയം പോകാൻ തയ്യാറായി നിൽക്കുന്ന ഒരച്ഛനെ സ്വത്തിന്റെ പേരിൽ ഈ വിധം പീഡിപ്പിക്കുന്ന ഒരു മകളെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കൂവെന്നാണ് മിക്കവരും പറയുന്നത്.