Asianet News MalayalamAsianet News Malayalam

കർണാടകയിൽ പ്ലാസ്റ്റിക് മാലിന്യം ഉപയോ​ഗിച്ച് വീട്, ചെലവ് അഞ്ച് ലക്ഷത്തിൽ താഴെ!

ഈ വീടിന്റെ നിർമ്മാണ ചിലവ് 4.50 ലക്ഷം രൂപയാണ്. 1,500 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചിരിക്കുന്നത്. 

A house made out of recycled plastics in Karnataka
Author
Karnataka, First Published Nov 20, 2020, 9:29 AM IST

ഇന്ന് പ്രകൃതിക്ക് ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം എന്ത് ചെയ്യുമെന്നത് മിക്ക രാജ്യങ്ങളെയും അലട്ടുന്ന ഒരു ചോദ്യമാണ്. സിമന്റ് ഫാക്ടറികളിൽ ഇന്ധനമായും, റോഡുകളുടെ നിർമ്മാണത്തിനും ഒക്കെ പ്ലാസ്റ്റിക് ഇന്ന് ഉപയോഗിച്ച് വരുന്നു. അതേസമയം കർണ്ണാടകയിലുള്ള പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യ ഫൗണ്ടേഷൻ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു വീട് തന്നെ പണിയുകയുണ്ടായി. കുറഞ്ഞ ചെലവിൽ, നൂതനവും, പരിസ്ഥിതിയോട് ഇണങ്ങിയതുമായ രീതിയിൽ വീട് പണിയുന്ന ഈ പദ്ധതി ലോകമെമ്പാടുമുള്ള ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. 

കർണ്ണാടകയുടെ തീരപ്രദേശത്ത് താമസിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അവരുടെ ഗുണഭോക്താക്കളിലൊരാളായ പച്ചനാടിയിലെ കമലയുടേതാണ് ഈ വീട്. വീട് നിർമ്മിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വീടിന്റെ നിർമ്മാണ ചിലവ് 4.50 ലക്ഷം രൂപയാണ്. 1,500 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചിരിക്കുന്നത്. 

ഹൈദരാബാദിലുള്ള ഒരു നിർമാണ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് അവർ വീട് പണികഴിപ്പിച്ചത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച അറുപതോളം പാനലുകൾ ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നു. ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക് കൊണ്ട് തയ്യാറാക്കിയതാണ്. “ഇത് നൂതനവും പാരിസ്ഥിതികവുമായ സുസ്ഥിരപദ്ധതിയാണ്, ഇത് പുനരുപയോഗിക്കാൻ പ്രയാസമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ കെട്ടിട നിർമ്മാണ വസ്തുക്കളാക്കി മാറ്റുന്നു. അത് കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ സഹായകമാകുന്നു. ഈ വീട് കർണാടകയുടെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ ‘റീസൈക്കിൾഡ് പ്ലാസ്റ്റിക്' വീടാണ്" കമല പറഞ്ഞു. 

വീട് നിർമ്മിക്കുന്നതിനുമുമ്പ് നിർമാണ സാമഗ്രികളുടെ ഡ്യൂറബിലിറ്റി ടെസ്റ്റ് കമ്പനി നടത്തിയിട്ടുണ്ട്. "രണ്ടാം ഘട്ടത്തിൽ, ഇത്തരം 20 വീടുകൾ കൂടി പണിയാൻ ഞങ്ങൾ പദ്ധതിയിടുന്നു. 20 ടണ്ണിലധികം പ്ലാസ്റ്റിക്ക് ഞങ്ങൾ ഇതിനായി ഉപയോഗിക്കും. ടോയ്‌ലറ്റുകളുടെ നിർമ്മാണം ഉൾപ്പെടെ ഒന്നിലധികം കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാം” ചീഫ് ഇംപാക്ട് ഓഫീസർ ഷിഫ്ര ജേക്കബ്സ് പറഞ്ഞു. ഇതിനുപുറമെ, മംഗളൂരുവിലെ പച്ചനാടി, കുരിക്കട്ട എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും സംഘടന പ്രവർത്തിക്കുന്നുണ്ട്.

image : Newskarnataka.com

Follow Us:
Download App:
  • android
  • ios